പണം തട്ടിയെന്ന 'ബാബാ കാ ദാബ' ദമ്പതികളുടെപരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്തു

By Web TeamFirst Published Nov 7, 2020, 4:00 PM IST
Highlights

ബാബാ കാ ദാബ എന്ന തെരുവോര ഭക്ഷണശാല നടത്തിയിരുന്ന ഇവരുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ദമ്പതികള്‍ യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കിയത്.
 

ദില്ലി:  യുട്യൂബര്‍ ഗൌരവ് വാസനെതിരെ ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  തെക്കന്‍ ദില്ലിയില്‍ ബാബാ കാ ദാബ എന്ന തെരുവോര ഭക്ഷണശാല നടത്തിയിരുന്ന ഇവരുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ദമ്പതികള്‍ യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കിയത്. 

എണ്‍പതുകാരനായ കാന്ത പ്രസാദാണ് പരാതിക്കാരന്‍. കൊവിഡ് വ്യാപനത്തിന് പിന്നാലെ കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടിനേക്കുറിച്ചും ഗൌരവ് വാസന്‍ വീഡിയോ എടുത്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ആളുകള്‍ ദമ്പതികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. 

ഒക്ടോബര്‍ 7 ന് എടുത്ത വീഡിയോ ഇവരുടെ കടയിലേക്ക് നിരവധി ആളുകളെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇവരെ സഹായിക്കാനെന്ന യുട്യൂബര്‍ ആളുകളില്‍ നിന്ന് ലഭിച്ച പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് യുട്യൂബര്‍ ഇവര്‍ക്ക് നേരത്തെ നല്‍കിയിരുന്നു.

വീഡിയോ വൈറലായതോടെ കടയില്‍ വരുന്നവര്‍ സെല്‍ഫിയെടുക്കാനാണ് വരുന്നതെന്ന്് കാന്ത പ്രസാദ് പറഞ്ഞിരുന്നു. നേരത്തെ പതിനായിരം രൂപയ്ക്ക് ആളുകള്‍ സാധനം വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂവായിരം രൂപയുടെ സാധനങ്ങള്‍ പോലും കഷ്ടിച്ചാണ് ചെലവാകുന്നതെന്നാണ് കാന്ത പ്രസാദ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. മാളവ്യ നഗറിലെ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ചയാണ് പരാതി നല്‍കിയത്.

അതേസമയം വൃദ്ധ ദമ്പതികളുടെ പേരില്‍ പണം തട്ടിയെന്ന ആരോപണം വാസന്‍ നിഷേധിച്ചിരുന്നു. വീഡിയോ എടുക്കുന്ന സമയത്ത് വൈറലാവുമെന്ന് അറിയില്ലായിരുന്നു. ആളുകളുടെ പ്രതികരണം അറിയാത്തതിനാലാണ് തന്റെ ബാങ്ക് വിവരങ്ങള്‍ നല്‍കിയത്. അവരുടെ പേരില്‍ സ്വരൂപിച്ച പണം മുഴുവന്‍ വൃദ്ധ ദമ്പതികള്‍ക്ക് നല്‍കിയെന്നും വാസന്‍ പറഞ്ഞിരുന്നു. ബാങ്ക് വിവരങ്ങളും വാസന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ 20-25 ലക്ഷം രൂപ വരെ വാസന് ലഭിച്ചിട്ടുണ്ടാവാമെന്നാണ് മറ്റ് യുട്യൂബര്‍മാര്‍ പറയുന്നത്.

click me!