
ദില്ലി: ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസിൽ 24 വർഷമായി ജയിലിൽ കഴിയുന്ന ദാരാസിംഗിനെ ജയിൽ മോചിപ്പിക്കാനുള്ള തീരുമാനം നീട്ടി ഒഡീഷ സർക്കാർ. ഇയാളെ മോചിപ്പിക്കാനുള്ള തീരുമാനം നേരത്തെ സർക്കാർ എടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മഹേന്ദ്ര ഹെംബ്രാമിനെയാണ് നേരത്തെ വിട്ടയച്ചിരുന്നു. ഇയാൾക്ക് നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. 1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും തീവച്ചു കൊലപ്പെടുത്തിയത്.
തടവു കാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണു മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിച്ചത്. ജയിൽ അധികൃതർ ഹാരമണിയിച്ചാണ് ഹെംബ്രാമിനെ യാത്രയാക്കിയത്. കേസിലെ മുഖ്യപ്രതി രബീന്ദ്ര പാൽ സിംഗ് എന്ന ദാരാ സിംഗിന്റെ ഉറ്റ കൂട്ടാളിയാണ് ഹെംബ്രാം. സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (ആറ്) എന്നിവർ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസിൽ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മാത്രമാണ് വിചാരണ കോടതി ശിക്ഷിച്ചത്.
സ്റ്റെയിൻസിനെയും മക്കളെയും 1999 ജനുവരി 21 രാത്രിയാണ് ജീവനോടെ ചുട്ടുകൊന്നത്. കിയോഝർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തർദേശീയ തലത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയ സംഭവം നടന്നത്. വില്ലീസ് വാഗണിൽ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു.
ആദിവാസികളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു സ്റ്റെയ്ൻസിനെയും കുട്ടികളെയും ബജ്റംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്നത്. സ്റ്റെയ്ൻസിന്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്തായതിനാൽ രക്ഷപ്പെട്ടു. യുപിയിൽ നിന്ന് ഒഡിഷയിലേക്ക് വന്ന ദാരാ സിംഗാണ് ആക്രമണത്തിന്റെ സൂത്രധാരൻ. ദാരാ സിംഗ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിട്ടയച്ചു. ദാരാ സിംഗിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.
ഹെംബ്രാം 1999 ലാണ് അറസ്റ്റിലായത്. 2000 ജനുവരി 31നാണ് ദാരാ സിംഗിനെ പിടികൂടിയത്. 2003ൽ ദാരാ സിംഗിനു വധശിക്ഷ വിധിച്ചു. 2005 ൽ ഒഡിഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി. ജയിൽ മോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റിൽ ഇയാൾ സുപ്രീം കോടതിയിൽ ദയാഹർജി നൽകിയിരുന്നു.