ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കി; ഉദ്യോഗസ്ഥക്കെതിരെ കേസ്

By Web TeamFirst Published Nov 16, 2019, 5:29 PM IST
Highlights

സര്‍വ്വകലാശാലയ്ക്കകത്ത് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ക്യാമ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് കിരൺ ദാംലെ ക്യാമ്പസിൽ സ്ഥാപിച്ചിരുന്ന ആർഎസ്എസ് പതാക എടുത്തുമാറ്റിയത്.

മിർസാപൂർ: മിർസാപൂരിലെ ബനാറസ് ഹിന്ദു സര്‍വകലാശാല സൗത്ത് ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്ത സര്‍വകലാശാല ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് സര്‍വ്വകലാശാല ഡെപ്യൂട്ടി ചീഫ് പ്രോക്ടര്‍ കിരൺ ദാംലെക്കെതിരെയാണ് ഉത്തർപ്രദേശ് ദേഹത് കോട്വാലി പൊലീസ് കേസെടുത്തിരിക്കുന്നത്. ആർഎസ്എസ് പ്രാദേശിക നേതാവ് ചന്ദ്രമോഹന്റെ പരാതിയിലാണ് നടപടി.

ചൊവ്വാഴ്ചയായിരുന്നു സംഭവം. സര്‍വ്വകലാശാലയ്ക്കകത്ത് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ക്യാമ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് കിരൺ ദാംലെ ക്യാമ്പസിൽ സ്ഥാപിച്ചിരുന്ന ആർഎസ്എസ് പതാക എടുത്തുമാറ്റിയത്. തുടർന്ന് ഉദ്യോഗസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. കിരൺ ദാംലെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നത്. ദാംലെ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.

Read More:കാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക എടുത്തുമാറ്റിയതിന് നടപടി; അധ്യാപിക രാജിവെച്ചു

അതേസമയം, ക്യാമ്പസിനകത്ത് ആർഎസ്എസ് പതാക കടത്താൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ യോ​ഗ പരിശീലനം നടത്താമെന്നുമായിരുന്ന കിരണിന്റെ വിശദീകരണം. ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്തതിന് പിന്നാലെ ദംലെ ബനാറസ് ഹിന്ദു ചീഫ് പ്രോക്ടര്‍ക്ക് രാജികത്ത് നല്‍കിയിരുന്നു. ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് കൊടി നീക്കം ചെയ്തതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്നും ജാതിവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ദംലെയ്ക്കെതിരെ സർവകലാശാല അധികൃതർ നടപടി സ്വീകരിച്ചിരുന്നത്. 

ആർഎസ്എസ്, എബിവിപി പ്രവർത്തകർ ക്യാമ്പസിനകത്ത് യോ​ഗ പരിശീലിക്കുന്ന സമയത്താണ് കിരൺ ആർഎസ്എസ് പതാക എടുത്തുമാറ്റിയതെന്ന് ബനാറസ് ഹിന്ദു ചീഫ് പ്രോക്ടര്‍ക്ക് ഒപി സിം​ഗ് പറഞ്ഞു. അതേസമയം, പ്രശ്നം പരിഹരിക്കാൻ സര്‍വ്വകലാശാല ഭരണകൂടം മിര്‍സാപൂരിലെ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ രംഗത്തെത്തി.
 

click me!