Asianet News MalayalamAsianet News Malayalam

കാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക എടുത്തുമാറ്റിയതിന് നടപടി; അധ്യാപിക രാജിവെച്ചു

ആര്‍എസ്എസ് കൊടി നീക്കം ചെയ്തതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്നും ജാതി സ്പര്‍ധ ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതിയിലാണ് നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ ഡെപ്യൂട്ടി ചീഫ് പ്രോക്ടറായ കിരണ്‍ ദാംലെ ബനാറസ് ഹിന്ദു ചീഫ് പ്രോക്ടര്‍ക്ക് രാജികത്ത് നല്‍കി.

Banaras Hindu University official booked for removing RSS flag; Procter resigned
Author
Banaras, First Published Nov 15, 2019, 1:37 AM IST

ദില്ലി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് പതാക നീക്കം ചെയ്തതിന് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്ത അധ്യാപിക രാജിവെച്ചു. മിര്‍സാപൂരിലെ സൗത്ത് ക്യാമ്പസിലാണ് സംഭവം. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ക്യാമ്പസില്‍ നിന്ന് ആര്‍എസ്എസ് കൊടി നീക്കം ചെയ്തതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്നും ജാതിവികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നുമുള്ള പരാതിയിലാണ് നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെ ഡെപ്യൂട്ടി ചീഫ് പ്രോക്ടറായ കിരണ്‍ ദാംലെ ബനാറസ് ഹിന്ദു ചീഫ് പ്രോക്ടര്‍ക്ക് രാജികത്ത് നല്‍കി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍വകലാശാല തീരുമാനമെടുത്തിട്ടില്ല. 

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആര്‍എസ്എസ് ക്യാമ്പ് ക്യാമ്പസിനകത്ത് നടത്താന്‍ ശ്രമിച്ചതിനെ കിരണ്‍ ദാംലെ എതിര്‍ത്തു. തുടര്‍ന്ന് ക്യാമ്പസില്‍ സ്ഥാപിച്ച ആര്‍എസ്എസ് പതാക എടുത്തുമാറ്റി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളിലെ ഒരു വിഭാഗം അധ്യാപികയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രാദേശിക നേതാവിന്‍റെ പരാതിയിലാണ് പൊലീസ് അധ്യാപികക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ കാവിക്കൊടി കണ്ടെന്നും ഇത് ആരുടേതാണെന്ന് അന്വേഷിച്ചപ്പോള്‍ ആരും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് കൊടി പുറത്തേക്ക് മാറ്റിയെന്നുമാണ് അധ്യാപികയുടെ വിശദീകരണം. എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷമായി സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് പരിപാടി നടത്തുന്നുണ്ടെന്നും സംഭവ ദിവസം അധ്യാപിക മനപൂര്‍വം ആര്‍എസ്എസ് പതാകയെ അപമാനിക്കുകയുമായിരുന്നുവെന്നുമാണ് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. നേതാക്കളെ അപമാനിച്ചെന്നും അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെ അംഗീകരിക്കില്ലെന്ന് അധ്യാപിക പറഞ്ഞതായും ആര്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ കായിക വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടറാണ് കിരണ്‍ ദാംലെ.

Follow Us:
Download App:
  • android
  • ios