
ചെന്നൈ: നടി തൃഷക്കെതിരായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ. അധിക്ഷേപ പരാമർശം നടത്തിയ ഉദയനിധിയുടെ അറസ്റ്റിലേക്ക് കടക്കുകയാണ് പൊലീസ്. തഞ്ചാവൂരിൽ നിന്നും പൊലീസ് സംഘം ഉദയനിധിയുടെ വീടിന് മുന്നിൽ എത്തി. എന്നാൽ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മുൻ മന്ത്രിമാരായ കെ എൻ നെഹ്‌റു, മാ സുബ്രമണ്യൻ, ഉദയനിധിയുടെ ഭാര്യ സംവിധായിക കൃതിക പൊലീസുദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്.
ഉദയനിധിയെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. കനത്ത പോലീസ് വിന്യാസമാണ് ഉദയനിധിയുടെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ട് പോകാൻ നീക്കം എന്നാണ് സൂചന. അതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിലെത്തി. ഉദയനിധിയുടെ അറസ്റ്റ് തടയണമെന്ന് അഭിഭാഷകർ കോടതിക്ക് മുന്നിൽ പരാമർശിച്ചു. ഉദയനിധി നിയമസഭയിൽ എത്തിരിക്കാനുള്ള നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും ഡിഎംകെ വാദിച്ചു. ഹർജി ഉച്ചയ്ക്ക് ശേഷം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഉച്ചയ്ക്ക് 12 വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഉദയനിധിക്ക് എതിരെ സംസ്ഥാനവ്യാപകമായി പൊലീസ് സ്റ്റേഷനുകളിൽ ടിവികെ പരാതി നൽകി. പരാമർശത്തിൽ തഞ്ചാവൂർ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത്. ഉദയനിധിക്കെതിരെ സിപിഎം രംഗത്തെത്തി. സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ അനുവദിക്കാനാകില്ലെന്ന് പി ഷണ്മുഖം പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam