
ബെംഗളൂരു: കാവേരി തർക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ടതോടെ കർണാടകത്തിൽ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ. തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി ഉത്തരവിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാക്കുകയാണ് കർഷക സംഘടനകളും കന്നഡ സംഘടനകളും. നാളെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ കടുത്ത സമ്മർദത്തിലാണ് സർക്കാർ. വെള്ളം നൽകണമെന്ന പുതിയ ഉത്തരവിന് പിന്നാലെ കന്നഡ സംഘടനകൾ വ്യാഴാഴ്ച പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ ഏറുകയാണ്.
തമിഴ്നാടിന് ദിവസം 12 ക്യുസെക്സ് വെള്ളം വച്ച് 12 ടിഎംസി വെള്ളം വിട്ടുനൽകണമെന്ന സിഡബ്ല്യുആർസി ഉത്തരവാണ് കർണാടക സർക്കാരിനെ ധർമ സങ്കടത്തിലാക്കിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ചേർന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി മീറ്റിംഗ് ഈ ഉത്തരവ് ശരിവച്ചതോടെ പ്രതിഷേധം ശക്തമായി. മാണ്ഡ്യയിലും ഇതര പ്രദേശങ്ങളിലും വെള്ളം വിട്ടു നൽകരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തി. വിവിധ കന്നഡ സംഘടനകളും പ്രതിപക്ഷവും ഈ നിലപാട് ഏറ്റുപിടിക്കുന്നതോടെ സർക്കാരിനെ കാത്തിരിക്കുന്നത് വലിയ വിഷമവൃത്തമാണ്. വെള്ളം ആവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ചിട്ടുള്ള ഹർജി സുപ്രീംകോടതി മറ്റന്നാൾ പരിഗണിക്കാനിരിക്കുന്നതിലാണ് സർക്കാരിന്റെ പ്രതീക്ഷയത്രയും. മഴയുടെ ലഭ്യതയിലുണ്ടായ കുറവും ഡാമുകളിലെ നിലവിലെ ജലനിരപ്പും ഉൾപ്പെടെയുള്ള കണക്കുകളുമായി എത്തി തമിഴ്നാടിനെ നേരിടാനാും കർണാടകത്തിന്റെ നീക്കം.
കാവേരി പദ്ധതിയിലുൾപ്പെട്ട നാല് അണക്കെട്ടുകളിലുമായി നിലവിലുള്ളത് 88 ടിഎംസി വെള്ളമാണ്. പരമാവധി സംഭരണ ശേഷിയേക്കാൾ 40.35 ടിഎംസി കുറവ്. ഇതിൽ 12 ടിഎംസി തമിഴ്നാടിന് നൽകിയാൽ കർണാടകത്തിൽ പ്രതിസന്ധി ഉണ്ടാകും എന്ന വാദമാകും സർക്കാർ ഉയർത്തുക. എന്നാൽ കരാർ പ്രകാരം, ജൂൺ 1 മുതൽ നൽകേണ്ട 49 ടിഎംസി വെള്ളത്തിൽ, വെറും 8.3 ടിഎംസി മാത്രമേ നൽകിയിട്ടുള്ളൂ എന്ന് തമിഴ്നാട് തെളിവുകൾ സഹിതം വാദിച്ചാൽ ഈ പ്രതിരോധം എത്ര കണ്ട് വിജയിക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam