
ദില്ലി : കോളിളക്കം സൃഷ്ടിച്ച ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് ആണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ ഉന്നാവ് പീഡന കേസിലെ അതിജീവിത. മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻ ഗാറിൽ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു. കേസില്‍ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് സന്ദർശനം. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിജീവിത. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടുംതണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്. അതിജീവിതയേയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam