ശാരദ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

By Web TeamFirst Published May 26, 2019, 4:50 PM IST
Highlights

രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. 

ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ഉദ്യോഗസ്ഥനുമായ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് സിബിഐ അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷന്‍ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിര്‍ദേശം നല്‍കി. 

രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണവുമായി രാജീവ്കുമാര്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായ രാജീവ് കുമാര്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും ആരോപണവിധേയര്‍ക്ക് വിട്ടുനല്‍കിയെന്നും തുഷാര്‍ മേത്ത ആരോപിച്ചു. പിടച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഫോറന്‍സിക് പരിശോധന പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 

നേരത്തെ ഐപിഎസ് ഓഫിസറായ രാജീവ്കുമാറിനെ കസ്റ്റഡിയിലെടുക്കണമെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാകരുത് സിബിഐ നടപടികളെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രാജീവ് കുമാറിന് നല്‍കിയ സുരക്ഷ പിന്‍വലിക്കാന്‍ മെയ് 17ന് സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഒരാഴ്ച സമയവും അനുവദിച്ചു. സുരക്ഷ നല്‍കുന്നത് തുടരണമെന്ന രാജീവ്കുമാറിന്‍റെ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയും തള്ളി. തുടര്‍ന്ന് മെയ് 20ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ രാജീവ്കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

നേരത്തെ രാജീവ് കുമാറിനെ സിബിഐ വേട്ടയാടുന്നുവെന്നാരോപിച്ച് മമതാബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജീവ് കുമാറിന്‍റെ വീട് റെയ്ഡ് ചെയ്യാനുള്ള ശ്രമത്തെ പൊലീസിനെ ഉപയോഗിച്ച് തടയുകയും കേന്ദ്രസര്‍ക്കാറിനെതിരെ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 

click me!