പ്രതിപക്ഷ നേതൃപദവിക്കായി കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ദ്ധര്‍

By Asianet MalayalamFirst Published May 26, 2019, 3:29 PM IST
Highlights

ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാമെന്ന് 1977ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ തന്നെ നിര്‍ദേശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം

ദില്ലി: ലോക്സഭയുടെ പത്ത് ശതമാനം വരുന്ന 55 സീറ്റില്ലെങ്കിലും പ്രതിപക്ഷ നേതൃപദവിക്ക് കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമെന്ന് വിദഗ്ധ പക്ഷം. ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള പ്രതിപക്ഷ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാമെന്ന് 1977ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ തന്നെ നിര്‍ദേശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം

പ്രധാനമന്ത്രി പദം നോട്ടമിട്ട് ഇറങ്ങി പക്ഷേ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഒന്നാം ലോക്സഭയുടെ സ്പീക്കറായിരുന്ന ജി.വി.മാവലങ്കറുടെ റൂളിംഗ് അനുസരിച്ച് സഭയുടെ ആകെ അംഗസഖ്യയുടെ പത്ത് ശതമാനം വേണം പ്രതിപക്ഷനേതൃസ്ഥാനം ഒരു പാര്‍ട്ടിക്ക് നല്‍കാന്‍. അതായത് 543 അംഗ ലോക്സഭയിൽ 55 അംഗങ്ങള്‍ വേണം. 

44 എം.പിമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് കഴിഞ്ഞ തവണ അവകാശവാദം ഉന്നയിച്ചു. പക്ഷേ പത്തു ശതമാനം അംഗബലമില്ലായെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ തള്ളി. അന്ന് 1977 നിയമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചെങ്കിലും കോടതിയെ സമീപിച്ചില്ല . പ്രതിപക്ഷ നേതാവിന്‍റെ ശമ്പളവും അലവൻസിനെക്കുറിച്ചും നിര്‍ദേശിക്കുന്ന നിയമമാണ് പത്തുശതമാനം വാദത്തെ നേരിടാൻ വിദഗ്ധര്‍ ഉദ്ധരിക്കുന്നത്

എന്നാൽ ആദ്യ സ്പീക്കറുടെ റൂളിങ് പിന്നീട് 1988ൽ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് 2014 സര്‍ക്കാര്‍ വ്യക്തമാക്കിയത്.1984 ൽ ഒഴികെ 55 പേരുടെ അംഗബലം ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയിട്ടില്ലെന്ന് ചരിത്രവും ബി.ജെ.പി ചൂണ്ടാക്കാട്ടുന്നു. ലോക്പാൽ,കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍,സി.ബി.ഐ മേധാവി തുടങ്ങിയവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവും അംഗമാണ്.

click me!