
ദില്ലി: ദില്ലി ചെങ്കോട്ടയിൽ സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനം നടന്ന ശേഷം സിസിടിവികൾ നിശ്ചലമാവുകയായിരുന്നു. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ഒളിത്താവളത്തിൽ നിന്നും 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്. കൂടാതെ ഇവിടെ നിന്നാണ് ഡോ. മുസമ്മിലിനെ പോലീസ് പിടികൂടിയത്. ഇയാൾ ഇവിടെ ഒരാഴ്ചയോളമായി ഒളിച്ച് താമസിക്കുകയായിരുന്നു.
അതേസമയം, ഐ20 കാർ വാങ്ങിയ ശേഷം ഉമർ പിന്നീട് എത്തിയത് സർവ്വകലാശാല ക്യാമ്പസിലാണെന്ന് വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമ്മർ കാർ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതോടെ ക്യാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് വിവരങ്ങൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചു.