ഇത്രയും സമ്മർദത്തിൽ അധ്യാപികയെ ഒരിക്കലും കണ്ടിട്ടില്ലെന്ന് ബന്ധുക്കൾ, ഒരു ബിഎൽഒ കൂടി ജീവനൊടുക്കി; എസ്ഐആർ കാരണം 28 ജീവൻ പൊലിഞ്ഞെന്ന് മമത ബാനർജി

Published : Nov 22, 2025, 07:02 PM IST
 BLO death due to work pressure

Synopsis

പശ്ചിമ ബംഗാളിൽ വോട്ടര്‍ പട്ടിക പരിഷ്കരണ ജോലി സമ്മർദത്തെ തുടർന്ന് ഒരു അധ്യാപിക കൂടി മരിച്ചു. സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ എസ്‌ഐആർ നടപടികൾ നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

കൊൽക്കത്ത: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലി സമ്മർദത്തിനിടെ ഒരു മരണം കൂടി. പശ്ചിമ ബംഗാളിലെ നാദിയയിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്തിരുന്ന 54കാരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമി വിവേകാനന്ദ സ്കൂളിലെ അധ്യാപികയായ റിങ്കു തരഫ്ദാറിനെ കൃഷ്ണനഗറിലെ അവരുടെ വസതിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്ഐആർ ജോലി തുടങ്ങിയതോടെ റിങ്കു കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

"എനിക്ക് ബിഎൽഒ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അധികൃതരിൽ നിന്ന് സമ്മർദം ഉണ്ടാകും. അത് എനിക്ക് താങ്ങാൻ കഴിയില്ല"- മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ബിഎൽഒ ഡ്യൂട്ടി ലഭിച്ചതു മുതൽ അധ്യാപിക മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു- "ഇത്രയധികം ജോലി സമ്മർദമുള്ളതായി അവർ മുൻപ് ഒരിക്കലും പറഞ്ഞിരുന്നില്ല. ജോലി വിടാൻ ആഗ്രഹിക്കുന്നു എന്ന് പോലും അവർ അടുത്ത കാലത്ത് പറഞ്ഞു". രണ്ട് ദിവസം മുൻപ് ജൽപൈഗുരി ജില്ലയിലും ഒരു ബൂത്ത് ലെവൽ ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എസ്ഐആർ ജോലി സമ്മർദമാണ് കാരണമെന്ന് അവരുടെ കുടുംബവും ആരോപിച്ചിരുന്നു.

എസ്‌ഐആർ നിർത്തിവെയ്ക്കണമെന്ന് മമത ബാനർജി

ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആർ നടപടികൾ നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് ആവശ്യപ്പെട്ടു. തുടർച്ചയായ ആസൂത്രിതമല്ലാത്തതും നിർബന്ധിതവുമായ നീക്കം കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും പ്രക്രിയയുടെ നിയമ സാധുതയെ അപകടത്തിലാക്കുമെന്നും മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതി.

"എസ്‌ഐആർ നടപടികൾ ആരംഭിച്ചതിനു ശേഷം ഇതിനകം 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചിലർ ഭയവും അനിശ്ചിതത്വവും മൂലവും മറ്റുള്ളവർ സമ്മർദവും അമിത ജോലിഭാരവും മൂലവും മരിച്ചു"- മമത ബാനർജി പ്രതികരിച്ചു.

മധ്യപ്രദേശിലും ഗുജറാത്തിലും സമാന സംഭവങ്ങൾ നടന്നു. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് ബിഎല്‍ഒ ആയിരുന്ന അധ്യാപകന്‍ ജീവനൊടുക്കിയത്. ജോലിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മാറ്റി നിർത്തിയതിന് പിന്നാലെയാണ് സംഭവം. ഉറക്കവും ആഹാരവുമില്ലാതെ അധ്യാപകൻ പകലും രാത്രിയും ഒരു പോലെ ജോലി ചെയ്യുകയായിരുന്നുവെന്നും സസ്പെന്‍ഷന്‍ കൂടി താങ്ങാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഗുജറാത്തിൽ രണ്ട് ബിഎൽഒമാരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ