
ദില്ലി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ. ബുധനാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആണ് പാര്‍ലമെന്‍റിൽ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
ലോക്‌സഭയിൽ ഡിസംബർ 17ന് ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വിവരങ്ങൾ അനധികൃതമായി ആർക്കും ലഭ്യമാകില്ലെന്ന് ഉറപ്പാക്കാൻ മൾട്ടി ലെയർ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 'ഡിഫൻസ് ഇൻ ഡെപ്ത്' എന്ന തത്വത്തിലധിഷ്ഠിതമായ ഈ സംവിധാനത്തിൽ വിവരങ്ങൾക്ക് പല തലങ്ങളിലുള്ള സുരക്ഷാ കവചങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങളും യുഐഡിഎഐ സ്വന്തമാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്‍റ് സിസ്റ്റത്തിനുള്ള ഐഎസ്ഒ സർട്ടിഫിക്കേഷനുകൾ അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്‍റർ ഒരു സംരക്ഷിത സംവിധാനമായി പ്രഖ്യാപിച്ചിട്ടുള്ള ആധാർ ഡാറ്റാബേസിന് സൈബർ സുരക്ഷ നിലനിർത്തുന്നതിനായി നിരന്തരം നിർദ്ദേശങ്ങൾ നൽകിവരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള കൃത്യമായ ഓഡിറ്റിംഗും പരിശോധനകളും സ്വതന്ത്ര ഏജൻസികൾ വഴി നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനമായ ആധാറിന് നിലവിൽ 134 കോടിയോളം സജീവ ഉപഭോക്താക്കളുണ്ട്. ഇതുവരെ 16,000 കോടിയിലധികം ഐഡന്‍റിറ്റി പരിശോധനകൾ ആധാർ വഴി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇത്രയേറെ വിപുലമായ ഒരു സംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam