രാജ്യദ്രോഹ കേസുകൾ മരവിപ്പിച്ച സുപ്രീംകോടതി നടപടിയിൽ കേന്ദ്രസർക്കാരിന് അതൃപ്തി

Published : May 11, 2022, 06:10 PM IST
രാജ്യദ്രോഹ കേസുകൾ മരവിപ്പിച്ച സുപ്രീംകോടതി നടപടിയിൽ കേന്ദ്രസർക്കാരിന് അതൃപ്തി

Synopsis

 നിയമങ്ങളോടും ഭരണ ഘടനയോടും ബഹുമാനമുണ്ട്. കോടതി തിരിച്ച് സര്‍ക്കാരിനെയും നിയമ നിര്‍മ്മാണ സഭകളെയും ബഹുമാനിക്കണം. എന്തിനും ലക്ഷ്മണ രേഖയുണ്ടെന്നും അത് എല്ലാവരാലും ബഹുമാനിക്കപ്പെടണമെന്നും കിരണ്‍ റിജിജു

ദില്ലി: രാജ്യദ്രോഹകേസുകൾ മരവിപ്പിച്ച സുപ്രീംകോടതി നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണ രേഖയുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജിജു വിധിയോട്  പ്രതികരിച്ചു. അതേസമയം സുപ്രീംകോടതി വിധിയെ പ്രതിപക്ഷം സ്വാഗതം ചെയ്തു. 

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. കോടതിയേയും അതിന്‍റെ സ്വാതന്ത്ര്യത്തെയും സര്‍ക്കാര്‍ ബഹുമാനിക്കുന്നു.  നിയമങ്ങളോടും ഭരണ ഘടനയോടും ബഹുമാനമുണ്ട്. കോടതി തിരിച്ച് സര്‍ക്കാരിനെയും നിയമ നിര്‍മ്മാണ സഭകളെയും ബഹുമാനിക്കണം. എന്തിനും ലക്ഷ്മണ രേഖയുണ്ടെന്നും അത് എല്ലാവരാലും ബഹുമാനിക്കപ്പെടണമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. 

സത്യം പറയുന്നത്  ദേശ ദ്രോഹമല്ലെന്നും, സത്യം കേള്‍ക്കുന്നത് രാജധര്‍മ്മമാണെന്നും, ഭയക്കേണ്ടതില്ലെന്നും ട്വിറ്ററിലെഴുതി രാഹുല്‍ഗാന്ധി പ്രതികരിച്ചു. നിയമം മരവിപ്പിക്കുകയല്ല പിന്‍വലിക്കുകയാണ് വേണ്ടതെന്നും കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. 

ഇന്ന് രാവിലെയാണ് രാജ്യദ്രോഹനിയമം മരവിപ്പിച്ച് കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ പ്രകാരം രാജ്യദ്രോഹകേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിറുത്തി വയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ ജയിലുകളിലുള്ളവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 എ എന്ന വകുപ്പാണ് ഒറ്റ ഉത്തരവിലൂടെ സുപ്രീം കോടതി ഇന്ന് മരവിപ്പിച്ചത്. രാജ്യദ്രോഹനിയമം പുനപരിശോധിക്കാമെന്ന് കോടതിയിൽ നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ  നിയമം തന്നെ മരവിപ്പിച്ച സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിന് കനത്ത പ്രഹരമാണ്. പുനപരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ എപ്പോള്‍ തുടങ്ങുമെന്നത് പ്രധാനമാണ്. 

എന്നാൽ അതുവരെ കേസുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നല്കിയിരുന്നു. കേസെടുക്കുന്നത് നിറുത്തിവയ്ക്കാനാവില്ല എന്നാണ് കേന്ദ്രം രാവിലെ കോടതിയെ അറിയിച്ചത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രം പറഞ്ഞു. അരമണിക്കൂറോളം ജഡ്ജിമാർ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എൻവിരമണ അദ്ധ്യക്ഷനായ ബഞ്ച് നല്കിയത്.

  • കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തല്ക്കാലം ഒഴിവാക്കണം
  • നിലവിലെ കേസുകളിലെ  നടപടികൾ എല്ലാം മരവിപ്പിക്കണം
  • ജയിലുകളിൽ കഴിയുന്നവർ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി കോടതികളെ സമീപിക്കണം
  • പൊലീസ് കേസ് രജിസറ്റർ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ റദ്ദാക്കാൻ പൗരൻമാർക്ക് കോടതിയിൽ പോകാം

124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കി ഇതേ സമയം കേന്ദ്രസർക്കാരിന് കോടതിയിൽ നല്കാമെന്നും ഉത്തരവിലുണ്ട്. രാജ്യദ്രോഹനിയമം റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും മനുഷ്യവകാശപ്രവർത്തകരും എഡിറ്റേഴ്സ് ഗിൽഡ് പോലുള്ള സംഘടനകളുമാണ് സുപ്രീംകോടതിയിൽ എത്തിയത്. 124എ പുനപരിശോധിക്കാം എന്നറിയിച്ചെങ്കിലും തീരുമാനം നീട്ടിക്കൊണ്ടു പോകുക എന്നതായിരുന്നു കേന്ദ്ര സർക്കാരിൻറെ തന്ത്രം. നിയമം മരവിപ്പിക്കാനാവില്ല എന്ന നിലപാട് ഇന്ന് സ്വീകരിച്ച കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്.  

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ