വമ്പൻ നീക്കവുമായി കേന്ദ്രം; പെട്രോൾ വേണ്ട, ഇനി 'മദ്യ'മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

Published : Apr 21, 2026, 03:53 PM IST
Petrol Pump

Synopsis

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി, പെട്രോളിൽ 85% എത്തനോൾ കലർത്തിയ E85 ഇന്ധനം അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കരിമ്പ് പോലുള്ളവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ ഇന്ധനം പരിസ്ഥിതി സൗഹൃദപരമാണെങ്കിലും, ഇത് ഉപയോഗിക്കാൻ 'ഫ്ലെക്സ് ഫ്യൂവൽ' എഞ്ചിനുകളുള്ള പുതിയ വാഹനങ്ങൾ ആവശ്യമായി വരും.

ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ (എത്തനോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം. നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

എത്തനോൾ 85 അഥവാ 'ഫ്ലെക്സ് ഫ്യൂവൽ' പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാരിനുള്ളിലും വാഹന വിപണിയിലും ഇതിനോടകം ധാരണയായിട്ടുണ്ട്. പ്രാഥമിക വാഹന പരിശോധനകൾ പൂർത്തിയായതായും വരും വർഷങ്ങളിൽ ഇത് പ്രാവർത്തികമാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എത്തനോൾ പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതുമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 100 ശതമാനം എത്തനോളിൽ ഓടുന്ന കാർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, പുതിയ നീക്കം വിദേശ നാണയ ലാഭത്തിനും കർഷകർക്ക് വലിയ വരുമാനത്തിനും വഴിതുറക്കും.

എങ്കിലും, ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ നിലവിലെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇ85 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മിച്ച 'ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ' (FFVs) മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ പാടുള്ളൂ. സാധാരണ പെട്രോൾ എഞ്ചിനുകളിൽ ഇത് ഉപയോഗിക്കുന്നത് എഞ്ചിൻ തുരുമ്പെടുക്കാനും പ്രവർത്തനക്ഷമത കുറയാനും കാരണമാകും. അതിനാൽ, പുതിയ തരം എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെടും. പെട്രോൾ പമ്പുകളിൽ ഇ20-ക്ക് പുറമെ ഇ85 വിതരണം ചെയ്യാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കേണ്ടി വരും. ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഈ നീക്കം കരുത്തേകുമെന്നുറപ്പാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിരുദ​ന​ഗർ സ്ഫോടനം: ഫാക്ടറി ഉടമകൾ പൊലീസിൽ കീഴടങ്ങി, അപകടത്തിൽ മരിച്ചത് 25 പേർ
നരേന്ദ്രമോദി തീവ്രവാദിയെന്ന് മല്ലിഖാർജുൻ ഖർ​ഗേ, പിന്നാലെ തിരുത്തിപ്പറച്ചിൽ; മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്ന് വിശദീകരണം