വൻ നീക്കവുമായി കേന്ദ്രം; ലക്ഷദ്വീപിൽ ജനജീവിതം മെച്ചപ്പെടുമെന്ന് കേന്ദ്രമന്ത്രി; ലക്ഷദ്വീപ് തീരത്ത് നിന്നും പിടിക്കുന്ന ചൂര കയറ്റുമതിക്ക് ശ്രമം

Published : Sep 21, 2025, 02:43 AM IST
Center plans to Export Lakshadweep Tuna

Synopsis

ലക്ഷദ്വീപ് തീരത്ത് നിന്ന് പിടിക്കുന്ന ചൂരയ്ക്ക് കയറ്റുമതി സാധ്യത ലക്ഷ്യമിട്ട് ആഗോള ഇക്കോ ലേബലിംഗ് നേടിയെടുക്കാൻ കേന്ദ്രം നീക്കം തുടങ്ങി. കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഈ പദ്ധതി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു

കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആ​ഗോള ഇക്കോ-ലേബലിം​ഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രം​ഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിം​ഗ് വ്യക്തമാക്കി. പരമ്പരാ​ഗത മത്സ്യബന്ധന രീതികൾ ഉപയോ​ഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആ​ഗോള ഇക്കോലേബലിം​ഗ് ടാ​ഗ് നേടിയെടുക്കാനാണ് നീക്കം. കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോൾ-ആന്റ്-ലൈൻ ഉപയോ​ഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രം​ഗത്തെ അം​ഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു.

ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ നടത്തിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സീഫുഡ് കയറ്റുമതി രം​ഗത്ത് വലിയ മുതൽകൂട്ടാകുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോൽപന്നങ്ങൾ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോലേബലിം​ഗ് മുദ്രകൾ. അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ടാ​ഗുള്ള സീഫുഡ് ഉൽപന്നങ്ങൾക്ക് സ്വീകാര്യതയും ഉയർന്ന വിലയും ലഭിക്കും. ദ്വീപിലെ പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും ഈ നടപടി കാരണമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കടൽപായൽ കൃഷിക്കും അലങ്കാരമത്സ്യ കൃഷിക്കും ലക്ഷദ്വീപിൽ മികച്ച സാധ്യതയാണുള്ളത്. ആഴക്കടൽ മത്സ്യബന്ധനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു.

നീതി ആയോഗ്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, വിവിധ ഫിഷറീസ് ​ഗവേഷണ സ്ഥാപനങ്ങൾ, നബാർഡ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡും ഫിഷറി സർവേ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോ​ഗം സംഘടിപ്പിച്ചത്. ലക്ഷദ്വീപിലെ നാലായിരം ചതുരശ്രമീറ്റർ ല​ഗൂൺ കടൽപായൽ കൃഷിക്ക് വളരെയേറെ അനുയോജ്യമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പറഞ്ഞു. ആ​ഗോളതലത്തിൽ തന്നെ കടൽപായൽ ഹബ് ആയി മാറാൻ ലക്ഷദ്വീപിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ, കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി, ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക്, എൻഎഫ്ഡിബി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ ബി കെ ബെഹറ, എഫ് എസ് ഐ ഡയറക്ടർ ജനറൽ ഡോ കെ ആർ ശ്രീനാഥ് സംസാരിച്ചു. കൊച്ചി ഫിഷറീസ് ഹാർബർ സന്ദർശിച്ച് കേന്ദ്ര ഫിഷറീസ് സെക്രട്ടറി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഹാർബർ നവീകരണം, കോൾഡ് ചെയിൻ, പാക്കേജിം​ഗ്, മൂല്യവർധിത ഉൽപാദനം തുടങ്ങിയ വികസന നടപടികൾ മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന