
ദില്ലി: യുഎസിലേക്ക് അടിയന്തരമായി മടങ്ങുന്ന എല്ലാവർക്കും സഹായം ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദേശം. നിലവിലെ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്താൻ പല കമ്പനികളും എച്ച്- വൺബി വിസയുള്ളവർക്ക് നിർദേശം നൽകിയിരുന്നു. അതേസമയം, യുഎസിലേക്ക് ഉടൻ മടങ്ങിയില്ലെങ്കിൽ അധിക ഫീസ് നല്കണമെന്ന റിപ്പോർട്ടുകൾ യുഎസ് നിഷേധിച്ചതായും റിപ്പോർട്ടുകൾ. ഒരു യുഎസ് ഉദ്യോഗസ്ഥൻ ഇതറിയിച്ചു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
വിദേശത്ത് നിന്ന് വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കുള്ള എച്ച്-1ബി വീസ ഫീസ് അമേരിക്ക കുത്തനെ കൂട്ടി. ഇനിമുതൽ കമ്പനികൾ ഒരു തൊഴിലാളിക്ക് വാർഷിക ഫീസായി ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) നൽകണം. കുടിയേറ്റം തടയുകയും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത് അമേരിക്കൻ ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തിൽ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നൽകിയെന്നും ഇന്ത്യ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam