
ദില്ലി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ 'റെയിൽ നീർ'ന്റെ വില കുറച്ച് റെയിൽവേ മന്ത്രാലയം. അടുത്തിടെ നിലവിൽവന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബർ 22 മുതൽ പുതിയ വില നിലവിൽ വരും. ഇതനുസരിച്ച് ഒരു ലിറ്റർ റെയിൽ നീർ കുപ്പിവെള്ളത്തിന് 15 രൂപയിൽ നിന്ന് 14 രൂപയായും, അര ലിറ്റർ കുപ്പിവെള്ളത്തിന് 10 രൂപയിൽ നിന്ന് 9 രൂപയായും കുറയും. റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറിലൂടെയും എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിലൂടെയുമാണ് ഈ തീരുമാനം അറിയിച്ചത്.
ഈ മാറ്റം റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റ് ബ്രാൻഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ഈയടുത്ത് നടന്ന ജി.എസ്.ടി. പരിഷ്കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകൾ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ച് യുക്തിസഹമാക്കിയിരുന്നു. സെപ്റ്റംബർ 3-ന് നടന്ന 56-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പുതിയ നിരക്കിന്റെ പൂർണ്ണമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് കൈമാറണമെന്ന് സർക്കാർ വ്യവസായങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കാനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam