
ദില്ലി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി ഛത്തീസ്ഗഢിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കാര്യത്തിൽ ചർച്ചക്ക് തയാറാകാതെ കേന്ദ്ര സർക്കാർ. ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവച്ചിരിക്കുകയാണ്.
കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാർ തുടർച്ചയായ മൂന്നാം ദിവസവും രാജ്യസഭയിൽ നോട്ടീസ് നൽകുന്നത്. നോട്ടീസുകൾ പരിഗണിക്കുന്ന വേളയിൽ തന്നെ അത് ചർച്ചക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് ചെയർമാൻ തള്ളുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇത് തന്നെയായിരുന്നു സാഹചര്യം.
ഇന്ന് ഓപറേഷൻ സിന്ദൂറിലാണ് ചർച്ച നടത്തുന്നതെന്നും മറ്റ് ചർച്ചകളിലേക്ക് ഒന്നും പോകുന്നില്ലെന്നുമാണ് രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് അറിയിച്ചത്. തുടർന്ന് പ്രതിപക്ഷം വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചു. ഈ വിഷയങ്ങളിലൊക്കെ എപ്പോൾ ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ചോദിച്ചു. മറ്റ് ചർച്ചകൾ ഇന്ന് നടത്തില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിപക്ഷം വലിയ രീതിയിൽ ബഹളം വെക്കുകയായിരുന്നു. തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പ്രീയങ്ക ഗാന്ധി എംപിയുടെ നേതൃത്വത്തിൽ രാജ്യസഭ കവാടത്തിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റ് അന്യായമാണെന്നും ഇവരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.