ജോലി സമയത്ത് എമർജൻസി വാർഡിൽ കിടന്ന് ഡോക്ടർ ഉറങ്ങി; ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് ആരോപണം

Published : Jul 30, 2025, 11:42 AM IST
up medical negligence

Synopsis

മീററ്റിലെ മെഡിക്കൽ കോളേജിൽ ഡോക്ടർ ഉറങ്ങിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന് ആരോപണം. സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അന്വേഷണ സമിതിയെ നിയോഗിച്ചു.

മീററ്റ്: ഡോക്ടർ ഉറങ്ങിയതിനെ തുടർന്ന് സമയബന്ധിതമായി ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന് ആരോപണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ (LLRM) മെഡിക്കൽ കോളേജിലെ എമർജൻസി വാർഡിനുള്ളിൽ ഒരു ജൂനിയർ ഡോക്ടർ മേശപ്പുറത്ത് കാലെടുത്ത് വെച്ച് ഉറങ്ങുന്നതും, സമീപത്ത് രക്തത്തിൽ കുളിച്ച് ഒരു പരിക്കേറ്റ രോഗി സ്ട്രെച്ചറിൽ അനാഥനായി കിടക്കുന്നതും കാണാം.

ജൂലൈ 27-28 രാത്രി വൈകി നടന്ന ഈ സംഭവം വ്യാപകമായ രോഷം ആളിക്കത്തിക്കുകയും, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നിലെ അടിയന്തര വൈദ്യസഹായത്തിന്‍റെ നിലവാരത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഹസൻപൂർ ഗ്രാമവാസിയായ സുനിൽ ആണ് മരിച്ച രോഗി.

റോഡ് കുറുകെ കടക്കുമ്പോൾ ഒരു അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്നാണ് സുനിലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ എൽഎൽആര്‍എം മെഡിക്കൽ കോളേജിന്‍റെ എമർജൻസി വിഭാഗത്തിൽ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉറങ്ങിയതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു. സുനിലിനെ ഉപേക്ഷിക്കപ്പെട്ട രോഗിയായി കണക്കാക്കിയെന്നും ഒടുവിൽ പരിക്കുകൾ മൂലം മരണപ്പെട്ടുവെന്നും കുടുംബം പറയുന്നു.

മെഡിക്കൽ കോളേജ് അധികൃതർ അതിവേഗം നടപടിയെടുത്തിട്ടുണ്ട്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജൂനിയർ ഡോക്ടർമാരായ ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ഭൂപേഷ് കുമാർ റായിയെയും ഡോ. അനികേതിനെയും സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഡോ. ആർ സി ഗുപ്ത സ്ഥിരീകരിച്ചു. സംഭവത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡോ. ഗുപ്ത പറഞ്ഞു.

സർക്കാർ ആശുപത്രികളിലെ അടിയന്തര ആരോഗ്യപരിരക്ഷാ സംവിധാനങ്ങളിൽ സമൂലമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും, ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടും സോഷ്യൽ മീഡിയയിൽ വലിയ രോഷമാണ് ഈ സംഭവം ആളിക്കത്തിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേഷൻ നടപടിക്ക് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'