കാൺപൂരിൽ പ്രണയിച്ച് വിവാഹം കഴിച്ച് നാല് മാസത്തിന് ശേഷം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. രണ്ട് പുരുഷന്മാർക്കൊപ്പം ഭാര്യയെ കണ്ടതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
കാണ്‍പൂർ: വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞു വച്ച ശേഷം യുവാവ് അടുത്ത ദിവസം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയെ രണ്ട് പുരുഷന്മാരോടൊപ്പം വീട്ടിലെ മുറിയിൽ കണ്ടതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് കുറ്റസമ്മതം നടത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
സച്ചിൻ സിങ് ഭാര്യ ശ്വേത സിങിനൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദമ്പതികൾ കുടുംബങ്ങളുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നതായി സച്ചിൻ പൊലീസിനോട് പറഞ്ഞു. താൻ ജോലിക്ക് പോയ സമയത്ത് രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികളുമായി ശ്വേത ബന്ധം സ്ഥാപിച്ചെന്നാണ് സച്ചിന്‍റെ ആരോപണം.
രണ്ട് ദിവസം മുമ്പ് താൻ നാട്ടിലേക്ക് പോവുകയാണെന്ന് ഭാര്യയോട് പറഞ്ഞു. രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തിയപ്പോൾ ഭാര്യയെയും രണ്ട് പുരുഷന്മാരെയും മുറിയിൽ കണ്ടെന്നാണ് സച്ചിൻ പറയുന്നത്. താൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ തുടങ്ങിയപ്പോൾ തന്നെ ആക്രമിക്കാൻ ഭാര്യ കൂടെയുണ്ടായിരുന്ന പുരുഷന്മാരോട് പറഞ്ഞെന്നും സച്ചിൻ മൊഴി നൽകി. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സച്ചിനെയും ശ്വേതയെയും പൊലീസ് വിട്ടയച്ചു. വീട്ടിൽ എത്തിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പുരുഷന്മാരുടെയും മോചനം ഉറപ്പാക്കാൻ ഭാര്യ സമ്മർദം ചെലുത്തിയെന്ന് സച്ചിൻ പറയുന്നു. തയ്യാറായില്ലെങ്കിൽ തന്നെ ഉപേക്ഷിച്ച് അവരോടൊപ്പം താമസിക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും സച്ചിൻ പൊലീസിനോട് പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും സച്ചിൻ പറഞ്ഞു. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മുറിയിൽ കിടത്തി. പിറ്റേന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി കുറ്റം സമ്മതിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.


