പുരോഗതിക്ക് വേണ്ടിയുള്ള പിന്തുണയെന്നാണ് നീക്കത്തെ എംഎൻഎസ് നിരീക്ഷിക്കുന്നത്. പദവികളുടെ വീതം വയ്പ് സംബന്ധിയായി ചർച്ചകൾ നടക്കുന്നതായാണ് എംഎൻഎസ് വിശദമാക്കുന്നത്.
കല്യാൺ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ നാടകവുമായി മഹാരാഷ്ട്ര നവനിർമാൺ സേന. തെരഞ്ഞെടുപ്പിന് മുൻപായി ഉദ്ധവ് താക്കറേയുമായി കൈകോർത്ത് പരാജയം രുചിച്ചതിന് പിന്നാലെ കല്യാൺ - ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം നേടാൻ ശിവസേന ഏക്നാഥ് ഷിൻഡേ വിഭാഗത്തിന് പിന്തുണ നൽകുകയാണ് രാജ് താക്കറെ ചെയ്തത്. ശിവസേന ഷിൻഡേ വിഭാഗവും ബിജെപിയും ചേർന്നുള്ള മഹായുതിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പമായിരുന്നു രാജ് താക്കറേ നയിക്കുന്ന എംഎൻഎസ് മത്സരിച്ചത്. ഇതിൽ പരാജയം നേരിട്ടതിന് പിന്നാലെ തന്നെ എംഎൻഎസ് ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണയുമായി എത്തിയത് മഹാരാഷ്ട്രയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഷിൻഡേ വിഭാഗത്തിനൊപ്പമുള്ള സഖ്യം കോർപ്പറേഷനുകളിൽ ബിജെപിയുടെ അധികാരം കുറയ്ക്കുന്നതിനുള്ള ഗൂഡനീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. കല്യാൺ - ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷനിൽ 122 സീറ്റുകളാണ് ഉള്ളത്. ഇതിൽ ബിജെപിയെ കഷ്ടിച്ച് പിന്നിലാക്കിയ ശിവ സേനയ്ക്ക് 53 സീറ്റാണ് നേടിയത്. ബിജെപിക്ക് 51 സീറ്റാണ് നേടാനായത്.
പ്രാദേശിക തലത്തിൽ സഖ്യമെന്ന് വിശദീകരണം
കേവല ഭൂരിപക്ഷത്തിനായി 62 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെയാണ് ബുധനാഴ്ച ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്നും മേയർ പദവിക്കുള്ള അർഹതയുണ്ടെന്നും ശിവസേന അവകാശവാദമുയർത്തിയത്. കൊങ്കൺ ഡിവിഷണൽ കമ്മീഷണർക്ക് മുൻപാകെ ശിവസേനയ്ക്കൊപ്പം എംഎൻഎസ് കൌൺസിലർമാരും എത്തിയിരുന്നു. പിന്നാലെ എംഎൻഎസ് ശിവസേന ഷിൻഡേ വിഭാഗത്തിന് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുരോഗതിക്ക് വേണ്ടിയുള്ള പിന്തുണയെന്നാണ് നീക്കത്തെ എംഎൻഎസ് നിരീക്ഷിക്കുന്നത്. പദവികളുടെ വീതം വയ്പ് സംബന്ധിയായി ചർച്ചകൾ നടക്കുന്നതായാണ് എംഎൻഎസ് വിശദമാക്കുന്നത്. പ്രാദേശിക തലത്തിൽ ഇത്തരം സഖ്യം സാധ്യമാണെന്നും എംഎൻഎസ് വിശദമാക്കുന്നത്. ഇതിൽ സ്വാർത്ഥ ലാഭമൊന്നുമില്ലെന്നുമാണ് എംഎൻഎസ് നേതാവ് ബാല നന്ദഗോങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഭരണത്തിൽ കാഴ്ചക്കാരാവുന്നതിന് പകരമായി ഭാഗമാവുന്നതിനുള്ളതാണ് നടപടിയെന്നും എംഎൻഎസ് വക്താവ് വിശദമാക്കി.ഇത്തരത്തിൽ പ്രാദേശിക തലത്തിൽ തീരുമാനമെടുക്കാൻ രാജ് താക്കറേ അനുവാദം നൽകിയെന്നുമാണ് എംഎൻഎസ് കൌൺസിലർമാരുടെ പ്രതികരണം. ബിജെപിയെ പ്രാദേശിക തലത്തിൽ അകറ്റാനാണെന്ന അവകാശ വാദത്തിനിടയിലും ഉദ്ധവ് താക്കറേ വിഭാഗത്തിനെ രാജ് താക്കറേ പിന്നിൽ നിന്ന് കുത്തിയെന്നാണ് അണികളുടെ പ്രതികരണം. കല്യാൺ - ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷനിൽ 11 സീറ്റുകളാണ് ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിന് നേടാനായത്.


