
പനജി: മൃദു ഹിന്ദുത്വവാദിയാണെന്ന (Soft Hindutva) വിമര്‍ശനത്തിന് മറുപടിയുമായി എഎപി (AAP) നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal). താന്‍ ഹിന്ദുവായതിനാലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ആര്‍ക്കും തന്നെ എതിര്‍ക്കാന്‍ കഴിയില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മൃദുഹിന്ദുത്വ രാഷ്ട്രീയമായതിനാലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
''നിങ്ങള്‍ ക്ഷേത്രത്തില്‍ പോകാറില്ലേ. ഞാനും പോകാറുണ്ട്. ക്ഷേത്രത്തില്‍ പോകുന്നത് കൊണ്ട് തെറ്റൊന്നുമില്ല. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നു. എന്താണ് വിമര്‍ശിക്കുന്നവരുടെ എതിര്‍പ്പ്. ഞാന്‍ ഹിന്ദുവായതുകൊണ്ട് ക്ഷേത്രങ്ങളില്‍ പോകുന്നു. എന്റെ ഭാര്യ ഗൗരീശങ്കര്‍ ക്ഷേത്രത്തില്‍ പോയി''- കെജ്രിവാള്‍ പറഞ്ഞു. ഗോവയുടെ പദ്ധതികള്‍ കെജ്രിവാള്‍ അനുകരിക്കുകയാണെന്ന വിമര്‍ശനത്തെയും അദ്ദേഹം തള്ളി. ആംആദ്മി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി അനുകരിക്കുകയാണ് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തെന്ന് കെജ്രിവാള്‍ പറഞ്ഞു.
''ഞങ്ങള്‍ വൈദ്യുതി സൗജന്യമായി തരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വെള്ളം സൗജന്യമായി നല്‍കി. ഞങ്ങള്‍ തൊഴില്‍ അലവന്‍സ് നല്‍കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹം ഏകദേശം 10,000 ജോലികള്‍ പ്രഖ്യാപിച്ചു. തീര്‍ത്ഥാടന പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹവും പദ്ധതി പ്രഖ്യാപിച്ചു''-കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കെജ്രിവാള്‍ ഗോവയിലെത്തിയത്. ഭണ്ഡാരി സമുദായ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഗോവയിലെ ഖനി വിരുദ്ധ സമര നേതാവും തൊഴിലാളി നേതാവുമായ പുതി ഗോയങ്കര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam