
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി വിമതർ. ഡെപ്യുട്ടി സ്പീക്കർ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി ഗവർണറെ സമീപിക്കും. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ നിൽക്കണമെങ്കിൽ ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഏകനാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാൻ വിമതർ തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെടാതിരിക്കാൻ നോട്ടീസിന് മറുപടി നൽകാൻ ഡെപ്യുട്ടി സ്പീക്കർ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നൽകണമെന്നും വിമതർ ആവശ്യപ്പെട്ടു. അതേസമയം ദില്ലി ജന്തർമന്തറിൽ വിമതർക്കെതിരെ ശിവസേന പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.
കോവിഡ് മുക്തനായ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കൊഷിയാരി ഔദ്യോഗിക ചുമതലകളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിമതർ നീക്കങ്ങൾ തുടങ്ങിയത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നു അവകാശപ്പെട്ടു നേരത്തെ ഷിൻഡെ വിഭാഗം കത്തയച്ചെങ്കിലും എൻസിപി നേതാവായ ഡെപ്യുട്ടി സ്പീക്കർ നർഹരി സിർവാള് അംഗീകരിച്ചിരുന്നില്ല. 16 എംഎൽഎമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഉദ്ധവ് വിഭാഗം നൽകിയ കത്തിന് തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വിമതരോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നുകാട്ടി ഗവർണർക്ക് പരാതി നൽകാനാണ് ഏകനാഥ് ഷിൻഡെയുടെ നീക്കം. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്ന് വിമതർ ആവർത്തിച്ച് പറയുമ്പോഴും ഏതെങ്കിലും പാർട്ടിയിൽ ചേരാതെ നിയമപരമായി നിലനില്പില്ലെന്നാണ് ലഭിച്ച നിയമോപദേശം. ബിജെപിയിൽ ചേരില്ലെന്നു ഷിൻഡെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ചെറുപാർട്ടിയിലേക്ക് കൂടുമാറി സർക്കാർ രൂപീകരിക്കാൻ ബിജെപിയെ പിന്തുണയ്ക്കാനും വിമതർ ആലോചിക്കുന്നുണ്ട്. അതേസമയം അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കർശന ജാഗ്രത തുടരുകയാണ്. മുംബൈയിൽ ജൂൺ 30 വരെയാണ് നിരോധനാജ്ഞ.
നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാരും ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ് ഷിൻഡെയ്ക്ക് മേൽ ഇതോടെ സമ്മർദ്ദവും ശക്തമാവുകയാണ്. സുരക്ഷാ ഭീഷണി മുൻനിർത്തി വിമത എംഎൽഎമാരുടെ സുരക്ഷ കേന്ദ്രസർക്കാർ കൂട്ടിയിട്ടുണ്ട്. 15 എംഎൽഎ മാർക്ക് വൈ പ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam