ചൈനയുടെ ലക്ഷ്യം ഡെപ്സാംഗ് സമതലം? പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇന്ത്യ

By Web TeamFirst Published Sep 18, 2020, 11:45 AM IST
Highlights

 ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാർലമെൻ്റിൻ്റെ ഇരുസഭകളിലും ചൈനീസ് കടന്നുകയറ്റത്തിനെതിരെ സംയുക്തപ്രമേയം കൊണ്ടു വരും.

ദില്ലി: ലഡാക്ക് അതിർത്തിയിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൽവാൻ താഴ്വരയിലും ഗോഗ്രാം മേഖലയിലും പാംഗോഗ് താടകതീരത്തും വൻതോതിലുള്ള ചൈനീസ് സാന്നിധ്യമുണ്ടെങ്കിലും ചൈന ലക്ഷ്യം വയ്ക്കുന്നത് ഡെപ്സാംഗ് സമതലമാണെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

സമതലമേഖലയായ ഡെപ്സാംഗ് പിടിച്ചെടുക്കുക വഴി സൈനിക തലത്തിൽ ഇന്ത്യയ്ക്ക് മേൽ മേൽക്കൈ നേടാൻ ചൈനയ്ക്ക് സാധിക്കും മറ്റിടങ്ങളിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ച് ഇന്ത്യൻ സേനകളുടെ അങ്ങോട്ട് തിരിച്ച ശേഷം ഡെപ്സാംഗിൽ മുന്നേറ്റം നടത്തുകയാണ് ചൈനീസ് പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. 

അതേസമയം ലഡാക്ക് അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും ചൈനീസ് അധിനിവേശത്തെ അപലപിച്ചും ഇന്ത്യൻ പാർലമെൻ്റ് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള സാധ്യതകൾ കേന്ദ്രസർക്കാർ പരിശോധിച്ചു വരികയാണ്. ലോക്സഭയിലും രാജ്യസഭയിലും സംയുക്തപ്രമേയം കൊണ്ടു വരിക എന്ന നിർദേശം കേന്ദ്രം പ്രതിപക്ഷപാർട്ടികൾക്ക് മുന്നിൽ വച്ചിട്ടുണ്ട്. 

ചൈനീസ് വിഷയം ലോക്സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യാനും പ്രധാനമന്ത്രിയെ കൊണ്ട് പ്രസ്താവന നടത്തിക്കാനും കോൺ​ഗ്രസ് സമ്മർദ്ദം ചെലുത്തിയെങ്കിലും പ്രതിപക്ഷകക്ഷികളുടെ ഇടയിൽ ഇക്കാര്യത്തിൽ അഭിപ്രായഐക്യം ഇല്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. തൃണമൂൽ കോൺ​ഗ്രസ് അടക്കമുള്ള കക്ഷികൾ ഈ നീക്കത്തെ എതിർക്കുന്നുണ്ട്. വിഷയം സഭ ചർച്ച ചെയ്യുന്നത് സൈന്യത്തിൻ്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് കേന്ദ്രനിലപാട്. അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഇരുസഭകളിലും അതിർത്തിയിലെ സാഹചര്യം വിശദീകരിച്ച് പ്രസ്താവന നടത്തിയിരുന്നു. 
 

click me!