
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്, ഈ ആഴ്ച നിര്‍ണായക അന്വേഷണ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎം ശ്രീയിൽ സിപിഐ മുഖ്യമന്ത്രിയെത്തുന്നതോടെ അയയുമോയെന്നതാണ് കാത്തിരിക്കുന്ന മറ്റൊരു വാര്‍ത്ത. കേരളപ്പിറവിയും അതിദാരിദ്രമുക്ത പ്രഖ്യാപനവും ലോകയുടെ ഒടിടി റിലീസ്, ഓസ്‌ട്രേലിയ-ഇന്ത്യ ടി20 പരമ്പര, ഇന്ത്യ-ബംഗ്ലാദേശ് വനിതാ ഏകദിന ലോകകപ്പ് മത്സരം, മോന്ത ചുഴലിക്കാറ്റ് അപ്ഡേറ്റുകൾ ഉൾപ്പെടെ വിനോദ, കായിക, ടെക്നോളജി മേഖലകളിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന സംഭവ വികാസങ്ങളും ഒറ്റനോട്ടത്തിൽ അറിയാം...
കേരളപ്പിറവി ആഘോഷിക്കാൻ സംസ്ഥാനം
കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 69 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികൾ സര്‍ക്കാര്‍ തലത്തിലും മറ്റ് സംഘടനകളുടെ നേതൃത്വത്തിലും നടക്കും.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം
ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറുകയാണ്. രാജ്യത്ത് ഈ സുപ്രധാന ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ലോകത്തിൽ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശമാണ് കേരളമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നീതി ആയോഗിൻ്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യമില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തും.
പിഎം ശ്രീയിൽ മുഖ്യന്ത്രി ഇടപെടുമ്പോൾ
പിഎം ശ്രീയിൽ സിപിഐ ഇടഞ്ഞ് തന്നെ നിൽക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടെങ്കിലും, സമവായത്തിലെത്താനായിട്ടില്ല. അതേസമയം, ഒമാൻ സന്ദര്‍ശനം കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഇടപെടലോടെ സിപിഐ അയയുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയിൽ ഇനിയും അറിയാൻ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലടക്കം പരിശോധന തുടരുമെന്നാണ് വിവരം. വലിയ അന്വേഷണ വിവരങ്ങളാണ് കേസിൽ ഈ ആഴ്ച പുറത്തുവരാനിരിക്കുന്നത്.
ആസിയാൻ ഉച്ചകോടി
രണ്ട് ദിവസത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് എത്തും. പ്രധാനമന്ത്രി ഓൺലൈനായി സംസാരിക്കും. ഉച്ചകോടിയിൽ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് അവതരിപ്പിക്കും. വ്യാപാര രംഗത്ത് ചില രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഉച്ചകോടിയിൽ വ്യക്തമാക്കും. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലക്ക് അടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. വിവിധ വിഷയങ്ങളിൽ ട്രംപിന്റെ നിലപാട് ഇന്ത്യക്ക് നിര്‍ണായകമാകും.
ഇസ്താംബൂളിൽ പാക്-താലിബാൻ ചര്‍ച്ച
അതിര്‍ത്തി സംഘര്‍ഷങ്ങൾക്കിടെ പാകിസ്ഥാനും താലിബൈനും തമ്മിലുള്ള സമാധാന ചര്‍ച്ചകൾ ഈ ആഴ്ചയും നടക്കും. ചർച്ച പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താൻ പ്രതിരോധ മന്ത്രിയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിർത്തി തർക്കങ്ങൾ മുറുകിയതിനെത്തുടർന്നാണ് ചർച്ചകൾ നടക്കുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും താൽക്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ചിരുന്നു.
പുനീത് രാജ്‍കുമാര്‍ ചരമവാര്‍ഷികം- ഒക്ടോബര്‍ 29
കന്നഡ സൂപ്പര്‍ സ്റ്റാറായിരുന്ന പുനീത് രാജ്‍കുമാറിന്റെ ചരമവാര്‍ഷികമാണ് ഒക്ടോബര്‍ 29. 2021 ഒക്ടോബര്‍ 29നാണ് പുനീത് രാജ്‍കുമാര്‍ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.
പ്രണവ് മോഹൻലാൽ - രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ്- ഒക്ടോബര്‍ 31
പ്രണവ് മോഹൻലാല്‍ നായകനായി വേഷമിടുന്ന ചിത്രം ‘ഡീയസ് ഈറേ’ ഒക്ടോബര് 31ന് തിയറ്ററുകളില്‍ എത്തും. രാഹുല്‍ സദാശിവനാണ് സംവിധാനം നിര്‍വഹിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.
ബാഹുബലി: ദി എപ്പിക്ക് - ഒക്ടോബർ 31
ബാഹുബലി ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളും കോർത്തിണക്കിയ ബാഹുബലി: ദി എപ്പിക്ക് റിലീസിന്. ഒക്ടോബർ 31ന് ചിത്രം തിയറ്ററുകളിൽ എത്തും. 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. 3 മണിക്കൂർ 45 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം
ലോക ചാപ്റ്റർ 1 ചന്ദ്ര- ഒടിടി റിലീസ് ഒക്ടോബർ 31
മലയാള സിനിമയിൽ പുത്തൻ ചരിത്രം സമ്മാനിച്ച 300 കോടി ചിത്രം ലോക ചാപ്റ്റരർ 1 ചന്ദ്ര ഒടിടിയിലേക്ക്. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് ദുൽഖർ സൽമാനാണ്.
ഇന്ത്യ-ബംഗ്ലാദേശ് വനിതാ ഏകദിന ലോകകപ്പ് (ഒക്ടോബര്‍ 26)
ഐസിസി ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച്ച ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നവി മുംബൈയിലാണ് മത്സരം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരമാണിത്.
കേരളം-പഞ്ചാബ് രഞ്ജി ട്രോഫി (ഒക്ടോബര്‍ 27)
രഞ്ജി ട്രോഫിയില്‍ കേരളം, പഞ്ചാബിനെ നേരിട്ടുകൊണ്ടിരിക്കുന്നു. മുല്ലാന്‍പൂരിലാണ് മത്സരം. ആദ്യ ദിനം അവസാനിക്കുമ്പോള്‍ പഞ്ചാബ് ആറിന് 240 എന്ന നിലയിലാണ്.
സംസ്ഥാന സ്‌കൂള്‍ കായികമേള (21 മുതല്‍ 28 വരെ)
സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ചൊവ്വാഴ്ച്ച കൊടിയിറക്കം.
ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 (ഒക്ടോബര്‍ 29)
ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ബുധനാഴ്ച്ച കാന്‍ബറയില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യയുടേത്
ഇന്ത്യ-ഓസ്‌ട്രേലിയ ടി20 (ഒക്ടോബര്‍ 31)
ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിന് വെള്ളിയാഴ്ച്ച മെല്‍ബണ്‍ വേദിയാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം.
ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന ലോകകപ്പ് (ഒക്ടോബര്‍ 30)
ഐസിസി ഏകദിന വനിതാ ലോകകപ്പ് സെമിയില്‍ ഇന്ത്യ വ്യാഴാഴ്ച്ച ഓസ്‌ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
ഒക്ടോബര് 27
ഇര്‍ഫാന്‍ പത്താന്‍
കുമാര്‍ സംഗക്കാര
ഡേവിഡ് വാര്‍ണര്‍
ഒക്ടോബര്‍ 30
ഡിയേഗോ മറഡോണ
നവംബര്‍ 1
വിവിഎസ് ലക്ഷ്മണ്‍
വൺപ്ലസ് 15- ഒക്ടോബർ 27ന് ലോഞ്ച്
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 15 ഒക്ടോബർ 27ന് ചൈനയിൽ പുറത്തിറങ്ങും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രീമിയം ചിപ്സെറ്റിലാണ് ഈ ഫോൺ വരിക. വൺപ്ലസ് 14 പുറത്തിറക്കാതെയാണ് നേരിട്ട് വൺപ്ലസ് 15ലേക്ക് കമ്പനി പ്രവേശിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam