
ദില്ലി: പശ്ചിമേഷ്യന്‍ യുദ്ധം തുടരുകയാണെങ്കിലും രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വില വര്‍ധന തല്‍ക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റഷ്യയില്‍ നിന്ന് എല്‍എന്‍ജി വാങ്ങാന്‍ നീക്കം നടത്തുന്ന സര്‍ക്കാര്‍, സൗദിയില്‍ നിന്ന് ക്രൂഡ് കാര്‍ഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിനിടെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ നാവികസേനയുടെ കപ്പലുകള്‍ വിന്യസിക്കുന്നതില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.
പാചക വാതക വില ഉയര്‍ന്നു, പിന്നാലെ പെട്രോളിനും, ഡീസലിനും വില വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടയാണ് തല്‍ക്കാലം നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ചില്ലറ വില്‍പന വിലയില്‍ മാറ്റം വരുത്തുന്നതില്‍ തല്‍ക്കാലം ആലോചനയില്ല. 8 ആഴ്ചത്തേക്കുള്ള ഇന്ധനം കരുതല്‍ ശേഖരമായി ഉണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് മംഗളൂരു, പാദൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായി 25 കോടി ബാരൽ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപന്നങ്ങളും കരുതലായി ശേഖരിച്ചിട്ടുണ്ടെന്നാണ്. ക്രൂഡ് ഓയിലിന് പുറമെ ദ്രവീകൃത പാചകവാതകം റഷ്യയില്‍ നിന്ന് കൊണ്ടുവരാനും ഇന്ത്യ തയ്യാറാണ്. ഇക്കാര്യത്തില്‍ റഷ്യയുടെ നിലപാടിനായി കാക്കുകയാണ്.
ഡിസംബര്‍, ജനുവരി മാസങ്ങളിലെ ഇറക്കുമതിയേക്കാള്‍ 20 ശതമാനം അധികം ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയ താല്‍പര്യം മുന്‍നിർത്തി ക്രൂഡ് ഓയില്‍ എവിടെ നിന്ന് കിട്ടിയാലും വാങ്ങുമെന്നതാണ് നയമെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഇതിനിടെ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് അകമ്പടി നൽകാൻ നാവികസേനയുടെ കപ്പലുകൾ വിന്യസിക്കുന്നതിൽ രണ്ടു ദിവസത്തിനുള്ളിൽ കേന്ദ്രം തീരുമാനം എടുക്കും. കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ അടക്കം സുരക്ഷിതമായി തുടർയാത്ര ഒരുക്കുന്നതിനാണ് നീക്കം. യുദ്ധത്തെ തുടർന്ന് ഈ മേഖലയിലെ എണ്ണ കപ്പലുകളുടെ യാത്രയും തടസ്സപ്പെട്ടിരുന്നു. ഇന്ത്യക്കാരായ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടിയാണ് നാവികസേനയുടെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam