
ദില്ലി: ഇൻഡിഗോ വിമാനത്തിന്റെ സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്തുടനീളം എണ്ണൂറിലധികം സർവീസുകൾ തടസപ്പെട്ടതോടെ ഇന്നും വിമാന യാത്രക്കാർ വലഞ്ഞു. ഇൻഡിഗോയുടെ നിരുത്തരവാദിത്തപരമായ രീതിയെ വിമർശിച്ച് കേന്ദ്രവും രംഗത്തെത്തി. അതിനിടെ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇൻഡിഗോ കാല താമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം എന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാർക്ക് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദില്ലി മുംബൈ, ചെന്നെ, ബംഗലുരു, കേരളം എന്നിവിടങ്ങളിലായാണ് ഇന്ന് 800 ലധികം സര്‍വീസുകൾ റദ്ദാക്കിയത്. ബംഗലുരുവിൽ മാത്രം 200നടുത്ത് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലേക്കുള്ള ബുക്കിംഗുകൾ യാത്ര സൈറ്റുകളില്‍ ഓപ്പണാക്കിയിട്ടുമുണ്ട്. ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന ക്കമ്പനികൾ നാലിരിട്ടിവരെ നിരക്കിൽ വർധന വരുത്തിയിരുന്നു. നോക്കുകുത്തിയാകുന്നുവെന്ന ശക്തമായ ആക്ഷേപത്തിനിടെയാണ് കേന്ദ്ര സർക്കാർ ഇടപെട്ട് പരിധി നിശ്ചയിച്ചത്. നികുതി ഉൾപ്പെടാതെ 500 കിലോമീറ്റർ വരെയുള്ള യാത്രക്ക് 7500 രൂപയാണ് നിരക്ക്. 500 മുതൽ ആയിരം കിലോമീറ്റർ വരെ 12000 രൂപ, ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ വരെ പതിനയ്യായിരം, 1500ന് മുകളില്‍ പതിനെട്ടായിരം എന്നതാണ് നിരക്ക്. ബിസിനസ് ക്ലാസിന് ബാധകമാകില്ല.പ്രതിസന്ധി കഴിയുംവരെയാകും ഈ നിരക്കുകൾ. ടിക്കുകൾ റദ്ദാക്കിയതിലൂടെയുള്ള റീഫണ്ട് നാളെ രാത്രി 8 മണിക്കകം യാത്രക്കാർക്ക് ലഭ്യമാക്കണം. ലഗേജുകൾ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് വീടുകളിലോ, അവര്‍ നല്‍കുന്ന വിലാസത്തിലോ എത്തിച്ച് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇന്‍ഡിഗോയുടെ തലയില്‍ മാത്രം ചുമത്തി സര്‍ക്കാര്‍ മാറി നില്‍ക്കരുതെന്നും ശക്തമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേ സമയം ഗുരുതരമായ കൃത്യവിലോപം ഇന്‍ഡിഗോയില്‍ നിന്നുണ്ടായെന്നാണ് ഡിജിസിഎയുടെ പ്രാഥമിക നിഗമനം. 5300 പൈലറ്റുമാരുള്ള ഇന്‍ഡിഗോയില്‍ ഒരാളെ പോലും പുതിയതായി നിയമിക്കാതെ സര്‍വീസുകള്‍ കൂട്ടി. ഒക്ടോബറില്‍ മാത്രം ആറ് ശതമാനം വര്‍ധനയാണ് സര്‍വീസില്‍ വരുത്തിയത്. മറ്റ് വിമാനക്കമ്പനികള്‍ പുതിയ നിയമത്തിനനുസരിച്ച് പൈലറ്റുമാരെ നിയമിച്ചപ്പോള്‍ സാമ്പത്തിക ഭാരം വരാതെ വരുമാനം കൂട്ടാനുള്ള ഇന്‍ഡിഗോയുടെ ശ്രമമാണ് തിരിച്ചടിയായത്. വീണ്ടും കമ്പനി അധികൃതരെ ഡിജിസിഎ വിളിച്ചു വരുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ഡിജിസിഎ ഉദ്യോഗസ്ഥര്‍ സാഹചര്യം വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam