അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ! രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നു?

Published : Jun 08, 2026, 11:26 AM IST
LPG Cyllinder

Synopsis

ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 29 രൂപ വർദ്ധിപ്പിച്ചെങ്കിലും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് 700 രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ആഗോള ഊർജ്ജ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വർദ്ധനവോടെ ദില്ലിയിൽ സിലിണ്ടർ വില 942 രൂപയായി. 

ദില്ലി: ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില 29 രൂപ വർദ്ധിപ്പിച്ചിട്ടും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് 700 രൂപയോളം നഷ്ടം വരുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിൽ വലിയ വിലക്കയറ്റം ഉണ്ടാകാതെ സർക്കാർ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണെന്നും പ്രസ്താവനയിലൂടെ കേന്ദ്രം വ്യക്തമാക്കി. 

അന്താരാഷ്ട്ര മാനദണ്ഡമായ സൗദി സിപി (Saudi CP) നിരക്ക് പ്രതിസന്ധിക്ക് മുൻപ് ടണ്ണിന് 543 ഡോളർ ആയിരുന്നത് മേയ് മാസത്തിൽ 46 ശതമാനം വർദ്ധിച്ച് 775 ഡോളറിലെത്തി. ജൂണിൽ ഇത് വീണ്ടും വർദ്ധിച്ച് 790 ഡോളറായി ഉയർന്നിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിൽ ഒരു ഗാർഹിക സിലിണ്ടർ വിതരണം ചെയ്യാനുള്ള യഥാർത്ഥ ചെലവ് 1600 രൂപയ്ക്ക് മുകളിലാണ്. എന്നാൽ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ പാചകവാതകം നൽകുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ആകെ എൽ.പി.ജി ഇറക്കുമതിയുടെ 54 ശതമാനവും ഹോർമുസ് ഇടുക്ക് (Strait of Hormuz) വഴിയാണ് എത്തിയിരുന്നത്. നിലവിൽ ഈ പാതയിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. ഇറക്കുമതിയിലുണ്ടായ കുറവ് നികത്താൻ ഇന്ത്യൻ റിഫൈനറികൾ ആഭ്യന്തര എൽ.പി.ജി ഉൽപ്പാദനം പ്രതിദിനം 32,000 ടണ്ണിൽ നിന്നും 60 ശതമാനത്തിലധികം വർദ്ധിപ്പിച്ച് 52,000 ടണ്ണാക്കി മാറ്റിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

വില വർദ്ധനവോടെ തലസ്ഥാന നഗരമായ ദില്ലിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി ലഭിക്കുന്നതിനാൽ, അവർക്ക് 642 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. എന്നാൽ, ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് മുൻപ് വർഷത്തിൽ 9 സിലിണ്ടറുകൾക്ക് സബ്‌സിഡി നൽകിയിരുന്നത് ഇപ്പോൾ വർഷത്തിൽ 4 സിലിണ്ടറുകളായി കേന്ദ്ര സർക്കാർ ചുരുക്കിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് ഇടുക്ക് അടച്ചതിന് ശേഷം ഗാർഹിക സിലിണ്ടറിന് ഉണ്ടാകുന്ന രണ്ടാമത്തെ വിലവർദ്ധനവാണിത്. കഴിഞ്ഞ മാർച്ച് മാസത്തിൽ 60 രൂപ വർദ്ധിപ്പിച്ചിരുന്നു. നിയന്ത്രണങ്ങളില്ലാത്ത വാണിജ്യ സിലിണ്ടറുകളുടെ വില ഇക്കാലയളവിൽ അഞ്ച് തവണയാണ് പരിഷ്കരിച്ചത്. ആഗോള വിപണിയിലെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ, സി.എൻ.ജി വിലകളും നാല് തവണ വീതം വർദ്ധിപ്പിച്ചിട്ടുണ്ട്.

വാണിജ്യ സിലിണ്ടർ

ഹോട്ടലുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില അന്താരാഷ്ട്ര നിരക്കുകൾക്കനുസരിച്ച് എല്ലാ മാസവും മാറാറുണ്ട്. നിലവിൽ ദില്ലിയിൽ സിലിണ്ടറൊന്നിന് വില 3113.5 രൂപയാണ് (കിലോയ്ക്ക് 164 രൂപ വീതം). അതേസമയം, സാധാരണ ഗാർഹിക ഉപഭോക്താക്കൾക്ക് പുതിയ മാറ്റത്തിന് ശേഷവും കിലോയ്ക്ക് ഏകദേശം 66 രൂപ നിരക്കിലാണ് എൽ.പി.ജി ലഭിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിജിത് ദീപ്കെ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും, അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ച് സിജെപി; വിദ്യാഭ്യാസ മന്ത്രി രാജിവച്ചില്ലെങ്കിൽ പ്രതിഷേധം
രാഷ്ട്രീയ ഗുരുനാഥനെ ആശുപത്രിയിൽ സന്ദർശിച്ച് ബിജെപി മന്ത്രി; സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയുടെ നില തൃപ്‌തികരം