
ദില്ലി: പിസി ജോർജിന്‍റെ (pc george)വിദ്വേഷ പ്രസംഗത്തെ(hate speech) തുടർന്നുള്ള കേസും അതിന്മേലുള്ള അറസ്റ്റും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയെ ശരിവച്ച് കേന്ദ്ര നിയമ സഹമന്ത്രി (central law minister)എസ് പി സിംഗ് ഭഗേൽ(sp singh bhagel) . വിദ്വേഷ പ്രസംഗകർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി എസ് പി സിംഗ് ഭഗേല്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രശസ്തിക്ക് വേണ്ടി പ്രസംഗിച്ച് ഇത്തരക്കാർ നാടിന്‍റെ സംസ്കാരം തകർക്കുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയ്ക് വേണ്ടിയാകണം രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ലെന്നും കേന്ദ്രനിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിദ്വേഷം പ്രസംഗം; പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു, പൂക്കളുമായി ബിജെപി പ്രവര്‍ത്തകര്‍
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ (PC George Hate speech) അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.
നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പിസി ജോര്‍ജിന്‍റെ (PC George) മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ഷോണിനെ ആദ്യഘട്ടത്തില്‍ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.
ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.