
ദില്ലി: ബ്രിക്സ് ഉച്ചകോടി വലിയ വിജയമെന്ന് കേന്ദ്ര സർക്കാറിന്റെ വിലയിരുത്തൽ. 25 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ബ്രിക്സ് പ്ലസ് വിശാല യോഗത്തോടെ ദില്ലിയിൽ കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഉച്ചകോടി വൻ വിജയമെന്ന് സർക്കാരും ബിജെപിയും ഒരുമിച്ച് പറയുന്നു. ഗ്ലോബൽ സൗത്തിൻ്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്‌ദമാകാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. പ്രസ്താവന അംഗീകരിച്ചത് വിദേശനയത്തിനുള്ള അംഗീകാരമായും ബിജെപിയും സർക്കാറും കാണുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബ്രിക്‌സ് ആയുധമാക്കാൻ ബിജെപി. എന്നാൽ, ബ്രിക്സിൽ ചൈനയോടും പാകിസ്ഥാനോടുമുള്ള രാജ്യത്തിന്റെ നിലപാടിൽ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായ വിമർശനമുന്നയിച്ചു.
ചൈനയോട് അടിയറവ് പറയുന്ന നിലപാടാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്. അതിർത്തി തർക്കം, ഗാൽവാൻ സംഘർഷം, വ്യാപാരം, പാകിസ്ഥാനോടുള്ള സമീപനം എന്നീ വിഷയങ്ങളിൽ ചൈനയോട് കൃത്യമായ നിലപാട് സ്വീകരിച്ചില്ലെന്നും അടിയറവ് പറയുന്ന നയമാണ് സർക്കാർ സ്വീകരിച്ചതെന്നുമാണ് കുറ്റപ്പെടുത്തൽ. പാകിസ്ഥാനോടും സമീപനത്തിലും വിട്ടുവീഴ്ച ചെയ്തെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി, വി.ഡി. സതീശൻ തുടങ്ങിയവർ കേന്ദ്ര സർക്കാർ ക്ഷണിച്ച പ്രധാനമന്ത്രിയുടെ വിരുന്നിൽ നിന്നും വിട്ടുനിന്നു. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെ ക്ഷണിച്ചതുമില്ല.
അതേസമയം, ദില്ലി ഉച്ചകോടിയെ സി.പി.എം, മുസ്ലിം ലീഗ് മുഖപത്രങ്ങൾ വാനോളം പുകഴ്ത്തി. ബ്രിക്സ് രൂപം കൊണ്ട ശേഷം ഇത്രയും സുവ്യക്തവും മൂർത്തവുമായ അഭിപ്രായപ്രകടനങ്ങൾ അധികം ഉണ്ടായിട്ടില്ലെന്നാണ് 'ദേശാഭിമാനി' വിലയിരുത്തി. ശക്തമായ സന്ദേശം യോജിപ്പോടെ നൽകാൻ കൂട്ടായ്മയ്ക്ക് സാധിച്ചത് ചെറിയ കാര്യമല്ലെന്നും പത്രം വ്യക്തമാക്കുന്നു. അമേരിക്കയുടെ അപ്രമാദിത്തത്തിനെതിരെ ഉറച്ച നിലപാടാണ് ബ്രിക്സ് രാജ്യങ്ങളുടേതെന്നും ദേശാഭിമാനി വ്യക്തമാക്കി.
മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബ്രിക്സ് കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് ന്യൂഡൽഹി ഉച്ചകോടി തെളിയിക്കുന്നുവെന്നാണ് 'ചന്ദ്രിക'യുടെ വിലയിരുത്തൽ. കൈക്കൊണ്ട തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചാൽ, ലോക രാഷ്ട്രീയത്തിന്റെയും സാമ്പത്തിക രംഗത്തിന്റെയും ദിശ നിർണ്ണയിക്കുന്ന പ്രധാന ശക്തികേന്ദ്രമായി ബ്രിക്സ് മാറുമെന്നും 'ചന്ദ്രിക' വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam