വാക്സിന്‍ വിതരണത്തിന് പിന്നാലെ അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കുന്നത് ആരംഭിക്കുമെന്ന് അമിത് ഷാ

By Web TeamFirst Published Feb 11, 2021, 10:08 PM IST
Highlights

പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പൌരത്വ നിയമ ഭേദഗതി ഒരു തരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ റാലിയില്‍ പറഞ്ഞു.

ദില്ലി: പൌരത്വ നിയമ ഭേദഗതി അനുസരിച്ച് അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കുന്നത് കൊവിഡ് വാക്സിന്‍ വിതരണത്തിന് പിന്നാലെ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ മാടുവയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പൌരത്വ നിയമ ഭേദഗതി ഒരു തരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ റാലിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള റാലികള്‍ പശ്ചിമ ബംഗാളില്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും ബന്ധു അഭിഷേക് ബാനര്‍ജിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളോടെയാണ് റാലി പുരോഗമിക്കുന്നത്. ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഈ ബന്ധുത മൂലമുള്ള അഴിമതി അവസാനിപ്പിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയേയോ എംഎല്‍എമാരെയോ മന്ത്രിമാരേയോ മാറ്റാനുദ്ദേശിച്ചല്ല ഈ റാലിയെന്നും പശ്ചിമ ബംഗാളിനെ അടിമുടി മാറ്റാനുദ്ദേശിച്ചാണെന്നും അമിത് ഷാ പറഞ്ഞു.

തൊഴിലില്ലായ്മ, നുഴഞ്ഞുകയറ്റം, ബോംബ് സ്ഫോടനങ്ങള്‍ എന്നിവയില്‍ നിന്ന് സംസ്ഥാനത്തെ വിമുക്തമാക്കാന്‍ ഉദ്ദേശിച്ചും  കര്‍ഷകരുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാനും വേണ്ടിയാണ് ഈ യാത്രയെന്നും അമിത് ഷാ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗുണ്ടകള്‍ക്ക് ബിജെപിയുടെ അധികാരത്തിലേക്കുള്ള യാത്രയെ തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ജയ്ശ്രീ റാം വിളഇക്ള്‍ ഇന്ത്യയില്‍ ഉയര്‍ന്നില്ലെങ്കില്‍ പാകിസ്ഥാനിലാണോ ഉയരുകയെന്നും അമിത് ഷാ ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മമത ബാനര്‍ജി ജയ്ശ്രീറാം വിളിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

click me!