വെരിഫൈഡ്! ചമ്പത് റായ് രാജിവെച്ചു; വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി അയോധ്യ ക്ഷേത്രം ട്രസ്റ്റ്

Published : Jun 27, 2026, 05:01 PM IST
champat rai

Synopsis

അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയെ തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചതായി ട്രസ്റ്റ് സ്ഥിരീകരിച്ചു. ആർഎസ്എസ് നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് രാജി. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലാവുകയും അന്വേഷണം ബാങ്ക് ജീവനക്കാരടക്കം കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതായി ട്രസ്റ്റ് വാർത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. ഇവർ രാജിവെച്ചെന്നും ഇല്ലെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെയാണ് വ്യക്തത വരുത്തി വാർത്താകുറിപ്പ് പുറത്തിറക്കിയത്. ഇരുവരുടെയും രാജി ട്രസ്റ്റിൻ്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്രത്തിലെ സംഭവങ്ങൾ അത്യന്തം ദുഃഖകരമാണെന്നും ക്ഷേത്രത്തിലേക്ക് നൽകിയ സംഭാവനകൾ സുരക്ഷിതമായിരിക്കുമെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. 18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിഎച്ച്പി ബൈഠക്കിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ചമ്പത്റായിയെയും, അനിൽമിശ്രയേയും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി അറിയിച്ചത്. സംഭാവന കൊള്ളയുടെ വിശദാംശങ്ങൾ തേടുകയും ചെയ്തിരുന്നു. പദവിയിൽ തുടരുന്നത് ശരിയല്ലെന്ന് ബൈഠക്കിൽ പങ്കെടുത്ത ആർഎസ്എസ്, വി എച്ച്പി നേതാക്കൾ ഇരുവരേയും അറിയിച്ചെന്നും വിവരമുണ്ട്. അതേസമയം, ക്ഷേത്രട്രസ്റ്റ് പിരിച്ചുവിടുന്നതിനെ വിഎച്ച്പി എതിർത്തു.

പിരിച്ചുവിടുന്ന നടപടി അംഗീകരിക്കില്ലെന്ന് വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പ്രതികരിച്ചു. ചില വ്യക്തികൾക്കെതിരെയാണ് ആക്ഷേപമെന്നും ട്രസ്റ്റിനെ എങ്ങനെ പഴിക്കുമെന്നും അലോക് കുമാർ ചോദിക്കുന്നു. അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്ക് കൂടി അന്വേഷിക്കാനാണ് പൊലീസ് നീക്കം. ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ രാജിയിൽ ഇതുവരെ അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാമക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്രയും രാജി നൽകിയിരുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായവരിൽ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. ഇയാൾക്ക് കാണിക്കയിൽ നിന്നും എണ്ണുന്ന പണം ബാങ്കിൽ നിക്ഷേപിക്കുന്ന ജോലിയായിരുന്നു. മറ്റ് ആറു പേർ കാണിക്ക എണ്ണുന്ന ചുമതലയുള്ളവരാണ്. മറ്റൊരാൾ ചമ്പത് റായിയുടെ ഡ്രെവറായ ടിന്നു യാദവാണ്. ബാങ്ക് ജീവനക്കാരൻ ഒഴിക്കെ ബാക്കി ഏഴു പേരിൽ നിന്നും ഏകദേശം 80 ലക്ഷം രൂപയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണം മുടക്കാൻ നോക്കുന്നതിനേക്കാൾ എളുപ്പം കൊലപാതകം, സിയയുടെ മൊഴിയിൽ ഞെട്ടി പൊലീസ്; മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു
കൊലപാതക ശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു