'രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞു ? പൊലീസ് പിൻമാറ്റം ആരുടെ നിർദ്ദേശത്തിൽ':ചാണ്ടി ഉമ്മൻ

By Web TeamFirst Published Jan 27, 2023, 9:18 PM IST
Highlights

'രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ചോദിച്ചു.

ദില്ലി : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ചാണ്ടി ഉമ്മൻ. 'രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ചോദിച്ചു. ആയിരക്കണക്കിന് ആളുകളെത്തിയ സമയത്താണ് ജമ്മു കശ്മീർ പൊലീസ് പിൻമാറിയത്. രാഹുലിന് ചുറ്റും ആളുകൾ കൂടി. എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നുവെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. രാഹുലിന്റെ ജീവൻ വെച്ചുള്ള കളിക്ക് എങ്ങനെയാണ് സർക്കാർ തയ്യാറായത്. രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ട് പോകുമ്പോൾ, ആർക്കാണ് ഭയം. പൊലീസ് പിൻമാറ്റം ആരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും  സുരക്ഷ ഉണ്ടെങ്കിൽ മാത്രമേ യാത്ര മുന്നോട്ട് പോകാൻ കഴിയൂവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

 <

സുരക്ഷാ പ്രശ്നത്തെ തുടര്‍ന്ന് കശ്മീരില്‍ തുടരുന്ന ഭാരത് ജോഡോ യാത്ര ഇന്നത്തേക്ക്  നിര്‍ത്തി വച്ചു. കശ്മീരിലേക്ക് കടക്കുമ്പോള്‍ കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ സുരക്ഷ സേന, പാതി വഴിയില്‍ രാഹുലിനെ ഉപേക്ഷിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായത്.  ബനിഹാള്‍ തുരങ്കം പിന്നിട്ടതോടെ വലിയ ആള്‍ക്കൂട്ടം രാഹുലിന്‍റെ അടുത്തേക്ക് എത്തി. അവരെ നിയന്ത്രിക്കേണ്ട പൊലീസ് പെട്ടെന്ന് മാറിക്കളഞ്ഞെന്നാണ് കോൺഗ്രസ് ആരോപണം. ജനക്കൂട്ടത്തിന് നടുവില്‍ പെട്ട രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് നീങ്ങാനായില്ല. അര മണിക്കൂറോളം നേരം അങ്ങനെ നില്‍ക്കേണ്ടി വന്നു. ഏറെ പണിപ്പെട്ടാണ്  രാഹുല്‍ ഗാന്ധിയെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റിയത്. യാത്ര തുടരരുതെന്ന് തന്‍റെ സുരക്ഷ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതോടെ പിന്‍വാങ്ങിയെന്ന് പിന്നീട് രാഹുല്‍ ഗാന്ധി പറഞ്ഞു.

'സിആര്‍പിഎഫിനെ പിന്‍വലിച്ചത് മുന്നറിയിപ്പില്ലാതെ, യാത്ര തുടരരുതെന്ന് നിര്‍ദ്ദേശം ലഭിച്ചു': രാഹുല്‍ ഗാന്ധി

എന്നാല്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ജമ്മുകശ്മീര്‍ പൊലീസിന്‍റെ വിശദീകരണം. 15 കമ്പനി സിഎപിഎഫിനെയും, 10 കമ്പനി ജമ്മുകശ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. എന്നാല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത ആള്‍ക്കൂട്ടം തിരിച്ചടിയായെന്നും, യാത്ര നിര്‍ത്തിയ വിവരം അറിയിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സംഭവം വിവാദമായതോടെ നാളെ മുതല്‍ യാത്ര അവസാനിക്കുന്ന തിങ്കളാഴ്ച വരെ  സുരക്ഷ കൂട്ടാനാണ് തീരുമാനം. 


ഏഷ്യാനെറ്റ് ന്യൂസ്-പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ഷിംലയിൽ, ഗവർണറെ സന്ദർശിച്ചു

click me!