
ചെന്നൈ: കൊറോണക്കാലത്ത് ബോധവത്കരണത്തിന് ഏറെ മുന്നിൽ തന്നെയാണ് പൊലീസുകാർ. ആളുകളെ ബോധവത്കരിക്കുക മാത്രമല്ല അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പൊലീസ് വളരെ ഏറെ ശ്രദ്ധാലുക്കളാണ്. ഈ അവസരത്തിൽ വ്യത്യസ്ഥമായ രീതിയിൽ ബോധവത്ക്കരണം നടത്തുന്ന ചെന്നൈ പൊലീസിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കൊറോണ വൈറസിന്റെ ആകൃതിയിലുള്ള ഹെൽമെറ്റ് ധരിച്ചാണ് പൊലീസുകാർ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വേണ്ടി നിരത്തിലിറങ്ങിയിരിക്കുന്നത്. ഗൗതം എന്ന കലാകാരനാണ് കൊറോണ ഹെല്‍മെറ്റ് എന്ന വ്യത്യസ്തമായ ആശയം ചെന്നൈ പൊലീസിന് മുന്നില്‍ അവതരിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
'ആളുകള്‍ വീട്ടിലിരിക്കുകയാണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി പൊലീസ് ദിവസവും പരിശോധനയുമായി റോഡിലുണ്ടെങ്കിലും പലരും കൊറോണ വൈറസിനെ ഗൗരവമായി കണക്കിലെടുത്തിട്ടില്ല. അതിന് ഉദാഹരണമാണ് ഇന്നും നിരത്തുകളിൽ കാണുന്നവർ. അതുകൊണ്ടാണ് ഇത്തരമൊരു ആശയവുമായി ഞാന്‍ വന്നത്. കേടായ ഒരു ഹെല്‍മെറ്റും പേപ്പറും ഉപയോഗിച്ചാണ് ഞാനിത് നിര്‍മിച്ചിരിക്കുന്നത്. മുദ്രാവാക്യങ്ങള്‍ എഴുതിയ നിരവധി പ്ലക്കാര്‍ഡുകളും ഞാന്‍ നിര്‍മിച്ചിട്ടുണ്ട്. അതും പൊലീസിന് കൈമാറിക്കഴിഞ്ഞു.' ഗൗതം പറയുന്നു.
ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഈ ഹെല്‍മെറ്റ് വളരെ സഹായകമാകുമെന്നാണ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബാബു പറയുന്നത്. 'ഞങ്ങളാൽ കഴിയുന്ന എല്ലാ മാര്‍ഗങ്ങളും നോക്കി. എന്നിട്ടും ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. അതുകൊണ്ട് ഈ കൊറോണ ഹെല്‍മെറ്റ് സംഗതിയുടെ ഗൗരവും മനലസ്സിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ തലയില്‍ ധരിക്കുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുക എന്ന ചിന്തയില്‍ നിന്നാണ് ഇതിലേക്ക് എത്തുന്നത്. ഈ ഹെല്‍മെറ്റ് ഞാന്‍ ധരിക്കുമ്പോള്‍ തെരുവിലെത്തുന്നവരുടെ മനസ്സില്‍ കൊറോണയെ കുറിച്ചുള്ള ചിന്തകള്‍ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളാണ് ഹെല്‍മെറ്റ് കാണുമ്പോള്‍ നന്നായി പ്രതികരിക്കുന്നത്. അവര്‍ തിരികെ വീട്ടില്‍ പോകണമെന്ന് രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുമുണ്ട്.' രാജേഷ് ബാബു പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam