ലോക്ക്ഡൗണിനെ തുടര്‍ന്ന് 200 കിലോമീറ്റര്‍ നടന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published Mar 29, 2020, 9:50 AM IST
Highlights

200 കിലോമീറ്ററോളം രണ്‍വീര്‍ നടന്നുകഴിഞ്ഞിരുന്നു. ഗ്രാമത്തിലേക്ക് 80 കിലോമീറ്റര്‍ കൂടി അവശേഷിക്കെ, ആഗ്രയില്‍ വച്ച് ഹൈവേയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു കച്ചവടക്കാരന്‍ ഉടന്‍ തന്നെ രണ്‍വീറിന് ചായയും ബിസ്‌കറ്റുമെല്ലാം നല്‍കി. എന്നാല്‍ അധികം വൈകാതെ രണ്‍വീര്‍ മരിച്ചു

ആഗ്ര: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 'ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് നാട്ടിലേക്ക് റോഡ്മാര്‍ഗം നടന്നുപോവുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ മൊരേന സ്വദേശി രണ്‍വീര്‍ സിംഗ് (38) ആണ് മരിച്ചത്. 

ദില്ലിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്ത് വരികയായിരുന്നു രണ്‍വീര്‍. മുന്നറിയിപ്പുകളില്ലാതെ പ്രഖ്യാപിച്ച 'ലോക്ക്ഡൗണ്‍' ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ വാഹനങ്ങളോ നഗരത്തില്‍ തന്നെ തുടരാന്‍ താല്‍ക്കാലികമായ വീടോ പണമോ ഇല്ലാതിരുന്ന തൊഴിലാളികള്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ കൂട്ടമായി സ്വദേശത്തേക്ക് നടന്ന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇക്കൂട്ടത്തിലായിരുന്നു രണ്‍വീറും ഉണ്ടായിരുന്നത്. 200 കിലോമീറ്ററോളം രണ്‍വീര്‍ നടന്നുകഴിഞ്ഞിരുന്നു. ഗ്രാമത്തിലേക്ക് 80 കിലോമീറ്റര്‍ കൂടി അവശേഷിക്കെ, ആഗ്രയില്‍ വച്ച് ഹൈവേയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു കച്ചവടക്കാരന്‍ ഉടന്‍ തന്നെ രണ്‍വീറിന് ചായയും ബിസ്‌കറ്റുമെല്ലാം നല്‍കി. എന്നാല്‍ അധികം വൈകാതെ രണ്‍വീര്‍ മരിച്ചു.

Also Read:- ദില്ലിയില്‍ ബസ് പിടിക്കാന്‍ ആയിരങ്ങള്‍ ബസ് ടെര്‍മിനലില്‍; ആശങ്ക...

ദില്ലിയില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റത്തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ ഉത്തര്‍പ്രദേശ് സര്‍ക്കാരും ദില്ലി സര്‍ക്കാരും അറിയിച്ചിരുന്നു. എന്നാല്‍ ഈ സൗകര്യവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് സ്ത്രീകളടങ്ങുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് റോഡുമാര്‍ഗം നടന്നുപോകാനായി തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇവരുടെ ചിത്രങ്ങള്‍ സര്‍ക്കാരിനെതിരെ ഏറെ വിമര്‍ശനങ്ങളുയരാന്‍ ഇടയാക്കിയിരുന്നു. 

മുന്നറിയിപ്പില്ലാതെ പെടുന്നനേ 'ലോക്ക്ഡൗണ്‍' പ്രഖ്യാപിക്കുമ്പോള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന, സ്വന്തമായി വീടില്ലാത്ത കുടിയേറ്റത്തൊഴിലാളികള്‍ നഗരങ്ങളില്‍ സംരക്ഷണമില്ലാതെ ഒറ്റപ്പെട്ട് പോകുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചില്ലെന്നും, ഗുരുതരമായ കൊവിഡ് 19 സമൂഹവ്യാപനത്തിന് ഇത് വലിയ സാധ്യതകള്‍ തുറന്നിടുമെന്ന കാര്യമെങ്കിലും സര്‍ക്കാര്‍ കണക്കിലെടുക്കണമായിരുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍.

click me!