
ഭോപ്പാല്‍: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നതിനിടെ വിപ്ലവകരമായ നീക്കവുമായി ഛത്തീസ്ഗഡിലെ ഭൂപേഷ് സിംഗ് ഭാഗല്‍ സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഛത്തീസ്ഗഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഒരിക്കലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും പൂര്‍ണ സുരക്ഷയാണുള്ളതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം.
തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഒരു സബ് കമ്മിറ്റിയെ ഛത്തീസ്ഗഡ് മന്ത്രിസഭ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും പ്രത്യേകിച്ച മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി ശിവ് ഡാറിയ പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ഭാഗല്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ അംഗീകാരത്തിനായി ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെങ്കില്‍ മുന്‍സിപ്പാലിറ്റി ഇലക്ഷന്‍സ് ആക്ടില്‍ ഭേദഗതി വരുത്തണം. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് അനുമതിക്കായി സബ് കമ്മിറ്റി മന്ത്രിസഭയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഛത്തീസ്ഗഡ് മാറാനുള്ള സാധ്യതയാണ് തെളിയുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേശം 2018 നിയമസഭ തെരഞ്ഞെടുപ്പിലാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനുള്ള നീക്കത്തെ ഗൂഢാലോചന എന്നാണ് ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ് വിശേഷിപ്പിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് കൃത്രിമം കാണിക്കാനുള്ള നീക്കമായും ബിജെപി വിമര്‍ശിക്കുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനുള്ള തീരുമാനത്തെ വോട്ടര്‍മാര്‍ സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam