
റായ്‌പൂർ: രണ്ടാനമ്മയിൽ നിന്ന് മകന് വിവേചനവും പീഡനവും നേരിടേണ്ടി വരുമെന്ന അമ്മയുടെ ആരോപണം തള്ളി, എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. കുട്ടിയുടെ താല്പര്യവും ക്ഷേമവുമാണ് കസ്റ്റഡി കേസുകളിൽ പരമപ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് പാർത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സചിൻ സിംഗ് രാജ്പൂത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കുട്ടിയുടെ മാതാപിതാക്കൾ 2016-ലാണ് വിവാഹിതരായത്. ഡ്രൈവറായ യുവാവും ഭാര്യയും പിന്നീട് പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി. ഇതിനുശേഷം മാതാപിതാക്കൾ ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന്, മകന്റെ കസ്റ്റഡി ആവശ്യപ്പെട്ട് മാതാവ് 'ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട്' പ്രകാരം കോടതിയെ സമീപിക്കുകയായിരുന്നു. സാമ്പത്തികമായും സാമൂഹികമായും താൻ മെച്ചപ്പെട്ട നിലയിലാണെന്നും കുട്ടി തന്റെ കൂടെ നിൽക്കുന്നതാണ് കൂടുതൽ നല്ലതെന്നും അമ്മ വാദിച്ചു. ഡ്രൈവറായ മുൻഭർത്താവിന് കുട്ടിയെ നോക്കാൻ മതിയായ സമയം ലഭിക്കില്ലെന്നും, അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചതിനാൽ കുട്ടിയോട് രണ്ടാനമ്മയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ ആരോപിച്ചു.
കേസിന്റെ ഭാഗമായി ഹൈക്കോടതി എട്ടുവയസ്സുകാരനായ കുട്ടിയോട് നേരിട്ട് സംസാരിച്ചു. എന്നാൽ അമ്മയുടെ ആരോപണങ്ങൾ തള്ളിക്കളയുന്ന പ്രതികരണമാണ് കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. അച്ഛനും രണ്ടാനമ്മയും തന്നെ വളരെ നന്നായി നോക്കുന്നുണ്ടെന്നും തനിക്ക് ആവശ്യമായ ശ്രദ്ധയും വിദ്യാഭ്യാസവും നൽകുന്നുണ്ടെന്നും കുട്ടി കോടതിയെ അറിയിച്ചു. അമ്മയ്‌ക്കൊപ്പം പോകാൻ താല്പര്യമില്ലെന്നും അച്ഛനൊപ്പം കഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കുട്ടി വ്യക്തമാക്കി. കുട്ടിയുടെ ആഗ്രഹവും അവന് ലഭിക്കുന്ന സുരക്ഷിതമായ അന്തരീക്ഷവും കണക്കിലെടുത്ത കോടതി, കുടുംബകോടതിയുടെ മുൻ ഉത്തരവ് ശരിവെക്കുകയായിരുന്നു. കുട്ടി അച്ഛന്റെ കൂടെ തുടരുമെങ്കിലും, അമ്മയ്ക്ക് കുട്ടിയെ കാണാനും സമയം ചെലവഴിക്കാനുമുള്ള സന്ദർശന അവകാശം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam