വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ്നഗർ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ സെപ്റ്റംബർ 13-ന് അഴുകിയനിലയിൽ 16 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. അഴുകിയനിലയിൽ കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ വേർപ്പെട്ടനിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ന്യൂഡൽഹി: ഡൽഹിയിൽ കൊടുംക്രൂരത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ഒരു യുവാവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം എന്ന ചുച്ഛുവിനെയും 16,17 വയസ്സ് പ്രായമുള്ള മൂന്ന് ആൺകുട്ടികളെയുമാണ് പൊലീസ് പിടികൂടിയത്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ്നഗർ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ സെപ്റ്റംബർ 13-ന് അഴുകിയനിലയിൽ 16 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. അഴുകിയനിലയിൽ കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ വേർപ്പെട്ടനിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിലഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ചനിലയിലുമായിരുന്നു. തുടർന്ന് എങ്ങനെ മൃതദേഹം ഇവിടെയെത്തി എന്ന് കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഏകദേശം 50-ഓളം സിസിടിവി ക്യാമറകളിലെ പലദിവസങ്ങളിലായുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് സംശായസ്പദമായ രീതിയിൽ ഒരു ടെമ്പോ വാനിന്റെ സാന്നിധ്യം കണ്ടെത്തിയത്. ടെമ്പോയുടെ നമ്പർ വ്യക്തമായിരുന്നില്ല. ഇതോടെ ടെമ്പോ വാൻ വന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെ വാനിന്റെ നമ്പർ തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് സംഭവദിവസം വാനിൽ യാത്രചെയ്തിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 15-ന് അർധരാത്രിയോടെ റെയ്ഡ് നടത്തി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും പരസ്പരം അറിയാവുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം പെൺകുട്ടിയും പ്രതികളും ടെമ്പോ വാനിൽ ഒരുമിച്ച് യാത്രചെയ്തിരുന്നു. യാത്രയ്ക്കിടെ എല്ലാവരും ഒരുമിച്ച് മദ്യപിച്ചു. ഇതിനുപിന്നാലെയാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്തത്. ബലാത്സംഗത്തിന് ശേഷം ഇവർ പെൺകുട്ടിയെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ മൃതദേഹം ആളൊഴിഞ്ഞ മേഖലയിൽ ഉപേക്ഷിച്ച് കടന്നപകളയുകയുംചെയ്തു.
പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽനിന്നിറങ്ങി സുഹൃത്തുക്കളോടൊപ്പം പോകുന്നതിനാൽ വീട്ടുകാരും കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നില്ല. ഇത്തരത്തിൽ വീട്ടിൽനിന്ന് പോകുന്ന പെൺകുട്ടി ദിവസങ്ങൾ കഴിഞ്ഞ് മടങ്ങിയെത്താറുള്ളതെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. കേസിൽ പ്രതികളുടെ കൈയിൽനിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ പൊലീസ് കണ്ടെടുത്തു. സംഭവദിവസം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഫൊറൻസിക്, സാങ്കേതിക തെളിവുകളുടെ ശേഖരണമടക്കം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.


