
ചെന്നൈ: ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരമോന്നത പുരസ്‌കാരം നൽകുമെന്നാണ് വിശ്വാസം. തമിഴ്നാടിന്റെ മാത്രം ആവശ്യം അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഗീത യാത്രയിൽ 50 വർഷം പിന്നിടുന്ന ഇളയരാജയ്ക്ക് ചെന്നൈയിൽ തമിഴ്നാട് സർക്കാർ ആദരം അർപ്പിക്കുകയായിരുന്നു. ഈ അവസരത്തിലാണ് സ്റ്റാലിൻ ഈ ആവശ്യം ഉന്നയിച്ചത്. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് ജനുവരിയിൽ ആണ് അടുത്ത ഭാരത്‌രത്‌ന - പദ്മ പുരസ്‌കാര പ്രഖ്യാപനങ്ങൾ വരിക എന്നുള്ളതാണ് ശ്രദ്ധേയം.
അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടൻ രജനികാന്ത് രംഗത്ത് വന്നതും ശ്രദ്ധേയമായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികൾക്ക് വെല്ലുവിളിയെന്നും പരാമർശം. “വരൂ, 2026ൽ കാണാം“ എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിൻ. തന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിൻ എന്നും രജനീകാന്ത്. ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ ആണ് പരാമർശം. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ദിവസം ആണ് രജനീകാന്തിന്റെ പ്രതികരണം. 3 ആഴ്ച്ച മുൻപാണ് തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനം വിജയ് നടത്തിയത്. വേദിയിൽ ബിജെപിയെ കടന്നാക്രമണം നടത്തിയിരുന്നു.
അന്ന് മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങൾക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ് അടിമകളായി മാറിയിരിക്കുകയാണ്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തിൽ പറഞ്ഞു. മധുരയിൽ വെച്ചാണ് വിജയുടെ പാർട്ടിയായ ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. സിനിമ സ്റ്റൈലിൽ ആയിരുന്നു സമ്മേളനം ആരംഭിച്ചത്. പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ എംജിആറിനെ പരാമർശിച്ചു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണ്. കുറുക്കന്മാർ പലതും കാണും, പക്ഷേ സിംഹം ഒന്നു മാത്രം; അവനാണ് രാജാവ്. ടിവികെ ആർക്കും തടയാനാകാത്ത ശക്തിയാണ്. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാർത്ഥി. മത്സരം ഡിഎംകയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.