
ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം വർഗീയ കലാപത്തിൽ എത്തിച്ചേർന്നപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പതിനാറ് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ രത്തൻ ലാൽ ആണ് തിങ്കളാഴ്ച നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിന് തുടർന്നാണ് രത്തൻലാൽ മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തോടെ അനാഥമായിപ്പോയത് മൂന്നു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബമാണ്. എന്ത് തെറ്റാണ് അച്ഛൻ ചെയ്തതെന്ന് രത്തൻലാലിന്റെ മക്കൾ പൊലീസ് കമ്മീഷണറോട് ചോദിക്കുന്നു.
രത്തൻലാലിന്റെ മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ഭാര്യ പൂനം ദേവി ബോധമറ്റു വീണു. പതിമൂന്നും പത്തും എട്ടു വയസ്സുള്ള സിദ്ധിയും കനകും റാമും അച്ഛൻ ഇനി വരില്ല എന്ന വാർത്ത കേട്ടപ്പോൾ തകർന്നു പോയിരുന്നു. രത്തൻ ലാലിന്റെ സഹപ്രവർത്തകർക്കും തങ്ങളുടെ സഹപ്രവർത്തകനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. സമാധാന പ്രിയനായിരുന്നു രത്തൻ ലാൽ എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. ആരുമായും കലഹിക്കുന്നതോ തർക്കിക്കുന്നതോ കണ്ടിട്ടില്ല.
രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഫത്തേപ്പൂർ, തിവാലി സ്വദേശിയായ രത്തൻലാൽ 1998 ലാണ് ദില്ലി പൊലീസില്‍ ജോലിയിൽ പ്രവേശിക്കുന്നത്. ജയ്പൂരിൽ നിന്നുള്ള പൂനം ദേവിയെ 2004 ൽ വിവാഹം ചെയ്തു. ഇദ്ദേഹം താമസിച്ചിരുന്ന ബുരാരിയിലെ വീട്ടിലേക്ക് മരണവാർത്ത എത്തിയ നിമിഷം തന്നെ അലമുറ ഉയർന്നു. ഹോളി ആഘോഷിക്കാൻ സ്വന്തം ഗ്രാമത്തിലേക്ക് കുടുംബസമേതം പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു രത്തൻ ലാൽ. ജോലിക്ക് പോകും മുമ്പ് കുഞ്ഞുങ്ങൾക്ക് വാക്ക് നൽകിയിരുന്നതാണ്. എന്നാൽ രത്തൻലാലിന്റെ ചേതനയറ്റ ശരീരമാണ് ആ വീട്ടിലേക്ക് തിരികെ വന്നത്.
സാധാരണ പൊലീസ് ഉദ്യോഗസ്ഥരെപ്പോലെ കാർക്കശ്യമുള്ളയാളായിരുന്നില്ല തന്റെ സഹോദരനെന്ന് രത്തൻ ലാലിന്റെ സഹോദരൻ ദിനേഷ് പറയുന്നു. അത്തരത്തിൽ സംസാരിക്കുന്നതോ പെരുമാറുന്നതോ കണ്ടിട്ടില്ല. ''അദ്ദേഹത്തിന്റെ പെരുമാറ്റവും ഭാഷയും ഒരിക്കലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റേത് പോലെ ആയിരുന്നില്ല. വളരെ ശാന്തനായിരുന്നു അദ്ദേഹം.'' രത്തൻ ലാലിനൊപ്പം രണ്ടര വർഷം ജോലി ചെയ്ത സഹപ്രവർത്തകൻ സബ് ഇൻസ്പെക്ടർ ഹീരാലാൽ പറയുന്നു.
അതേ സമയം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുകയാണ്. രത്തൻ ലാലിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിൻസറിലാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ്. രത്തന്‍ ലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഇന്നലെയെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam