
ദില്ലി: അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഭാഗത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ സഹിതമാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടു. ഇക്കാലയളവിലാണ് അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു നദിക്കരയില്‍ പുതിയ ഗ്രാമം പടുത്തുയര്‍ത്തിയത്.
ഏറെക്കാലമായി ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശമാണ് ഇത്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച് എന്‍ഡിടിവിയുടെ അന്വേഷണങ്ങളെ വിദേശകാര്യ മന്ത്രാലയവും തള്ളിയില്ല. അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടെന്നും ഏറെക്കാലമായി ഇത്തരം നടപടികള്‍ ചൈന തുടരുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.
2019 നവംബറിലെയും 2020 ഓഗസ്റ്റിലെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍
അരുണാചലിലെ കടന്നുകയറ്റത്തെക്കുറിച്ച് ബിജെപി എംപി തപിര്‍ ഗവോ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. മേഖലയില്‍ ചൈന നിര്‍മ്മാണം തുടരുകയാണെന്നും അപ്പര്‍ സുബാന്‍സിരി ജില്ലയിലെ 60-70 കിലോമീറ്ററിനുള്ളില്‍ ചൈന കടന്നുകയറിയെന്ന് അദ്ദേഹം ഇന്ന് എന്‍ഡിടിവിയോട് പ്രതികരിച്ചു. ഔദ്യോഗിക ഓണ്‍ലൈന്‍ മാപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് ഇന്ത്യയുടെ ഭാഗത്താണെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെയാണ് ചൈന കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ വാലിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam