Gen Naravane : ചൈനീസ് ഭീഷണി കുറഞ്ഞിട്ടില്ല; ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമെന്ന് കരസേനാ മേധാവി

By Web TeamFirst Published Jan 12, 2022, 5:50 PM IST
Highlights

പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. നിരവധി തര്‍ക്കപ്രദേശങ്ങളിൽ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിന്‍മാറി. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്നും കരസേന മേധാവി എം എം നരവാനെ വ്യക്തമാക്കി. ഭീകരതയ്ക്കതിരെ വീട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദില്ലി: അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി ഒരർത്ഥത്തിലും കുറഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം എന്തും നേരിടാൻ സജ്ജമാണെന്നും കരസേന മേധാവി  ജനറൽ എം എം നരവാനെ. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. നിരവധി തര്‍ക്കപ്രദേശങ്ങളിൽ നിന്ന് ഇരു സൈന്യവും പരസ്പരധാരണയോടെ പിന്‍മാറി. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്നും കരസേന മേധാവി എം എം നരവാനെ വ്യക്തമാക്കി. ഭീകരതയ്ക്കതിരെ വീട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 15ലെ ആർമി ദിവസത്തോട് അനുബന്ധിച്ചുള്ള വാർഷിക വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈന, പാകിസ്ഥാൻ അതിർത്തികളിലെ നിലവിലെ അവസ്ഥകളെ കുറിച്ച് കരസേന മേധാവി വിശദീകരിച്ചു. പടിഞ്ഞാറ് ഭാ​ഗത്ത് വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികളുടെ കേന്ദ്രീകരണം വർധിച്ചിട്ടുണ്ടെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആവർത്തിക്കുന്നതായും ജനറൽ നരവാനെ പറഞ്ഞു. ആ ഭാ​ഗത്തെ നമ്മുടെ അയൽരാജ്യത്തിന്റെ നീചമായ പ്രവർത്തനങ്ങളെയാണ് ഈ നീക്കങ്ങൾ തുറന്ന് കാണിക്കുന്നത്. 

അതേസമയം, ഇന്ത്യ ചൈന കമാൻഡർ തല ചർച്ച തുടങ്ങിയിട്ടുണ്ട്. പതിനാലാമത് കമാൻഡർ തല ചർച്ചയിൽ ലഫ്റ്റനൻറ് ജനറൽ അനിന്ദ്യ സെൻഗുപ്തയാണ് ഇന്ത്യയെ നയിക്കുന്നത്. ഗൽവാൻ താഴ്വരയിൽ നിന്നും പാങ്കോംഗ് തടാകതീരത്ത് നിന്നും പിൻമാറാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ഹോട്ട് സ്പ്രിംഗ്, ദെപ്സാങ് എന്നിവിടങ്ങളിലെ പിൻമാറ്റമാകും ഇന്ന് ചർച്ച ചെയ്യുന്നത്. ചൈനയുടെ പുതിയ അതിർത്തി നിയമത്തെക്കുറിച്ചും കരസേന മേധാവി സംസാരിച്ചു.  

പുതിയ നിയമം അം​ഗീകരിക്കില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളതായി ജനറൽ നരവാനെ ചൂണ്ടിക്കാട്ടി. വളരെ സൂക്ഷ്മതയോടെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും സൈന്യം വേണ്ടത്ര സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നാഗാലാൻഡ് സംഭവം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ കൂടുതൽ തിരുത്തലുകൾ വരുത്തുമെന്നും അറിയിച്ചു. 

click me!