'കള്ളന്‍റെ താടി'; റഫാല്‍ കരാറില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

By Web TeamFirst Published Jul 4, 2021, 2:42 PM IST
Highlights

റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്.
 

ദില്ലി: റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാഹുല്‍, മോദിയെ വിമര്‍ശിച്ചത്. ഒരു ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് ഒരുലക്ഷത്തിനടുത്ത് ലൈക്ക് ലഭിച്ചു. 3500ലേറെ ആളുകള്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahul Gandhi (@rahulgandhi)

 

റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയെന്ന് ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. പബ്ലിക് പ്രൊസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളിലെ സത്യം പുറത്തുവരണമെന്ന് അവര്‍ വ്യക്തമാക്കി.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 59000 കോടി രൂപക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ കരാറൊപ്പിട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!