സ്വകാര്യ സ്കൂളുകൾ ഫീസ് ഇരട്ടിയാക്കി; ദുരിതത്തിലായി ഇതര സംസ്ഥാനങ്ങളിലെ മലയാളി രക്ഷിതാക്കൾ

By Web TeamFirst Published Jul 4, 2021, 10:24 AM IST
Highlights

സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതികൾ വ്യാപകമായപ്പോൾ കഴിഞ്ഞ മെയ് മാസം കര്‍ണ്ണാടക സർക്കാർ ഹെല്‍പ് ലൈന്‍ തുടങ്ങി. രണ്ടാഴ്ച കൊണ്ട് ലഭിച്ചത് ആയിരത്തിലധികം പരാതികളാണ്.

ബെംഗളൂരു: ലോക്ഡൗൺ കാലത്ത് സ്വകാര്യ സ്കൂളുകൾ കുത്തനെ ഫീസ് വർദ്ധിപ്പിച്ചതോടെ കുട്ടികളെ പഠിപ്പിക്കാന്‍ പണം കണ്ടെത്താനാവാതെ ദുരിതത്തിലായി ഇതര സംസ്ഥാനങ്ങളിലെ മലയാളി രക്ഷിതാക്കൾ. ബെംഗളൂരുവില്‍ സ്വകാര്യ സ്കൂളുകൾക്കെതിരെ ആയിരകണക്കിന് പരാതികളാണ് സർക്കാരിന് ലഭിക്കുന്നത്.

സ്വകാര്യ സ്കൂളുകളുടെ നിയമവിരുദ്ദമായ നടപടികൾക്കെതിരെ നിയമപോരാട്ടം തുടരുകയാണ് കണ്ണൂർ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍.   കഴിഞ്ഞ ആഗസ്റ്റില്‍ മുപ്പത് ശതമാനം ഫീസിളവ് നല്‍കണമെന്ന സർക്കാർ ഉത്തരവു നിലനില്‍ക്കേ തന്‍റെ മക്കൾ പഠിക്കുന്ന സ്കൂൾ 15 ശതമാനം ഫീസ് വ‍ർദ്ദിപ്പിച്ചതിനെതിരെ തുടങ്ങിയതാണ് സിജോയുടെ നിയമ പോരാട്ടം. പത്ത് മലയാളികളുൾപ്പടെ ഇരുപത് രക്ഷിതാക്കളാണ് ഈ കേസ് നടത്തുന്നത്.

ബെംഗളൂരുവിലെ സ്വകാര്യ സ്കൂളുകൾക്കെതിരായ നിയമനടപടികളുടെ ഭാഗമായി സിജോ സെബാസ്റ്റ്യന്‍ ശേഖരിച്ച വിവരാവകാശ രേഖകള്‍ സ്കൂളുകളുടെ കൊള്ള വ്യക്തമാക്കുന്നവയാണ്.  സെബാസ്റ്റ്യനെപോലുള്ള പ്രതിസന്ധിയിലായ നൂറുകണക്കിന് മലയാളികൾ കർണാടകത്തില്‍ വിവിധയിടങ്ങളിലായുണ്ട്. സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതികൾ വ്യാപകമായപ്പോൾ കഴിഞ്ഞ മെയ് മാസം കര്‍ണ്ണാടക സർക്കാർ ഹെല്‍പ് ലൈന്‍ തുടങ്ങി. രണ്ടാഴ്ച കൊണ്ട് ലഭിച്ചത് ആയിരത്തിലധികം പരാതികളാണ്.

ഫീസ് കുറച്ച സർക്കാർ  നടപടിക്കെതിരെ സ്വകാര്യസ്കൂളുകൾ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. ഈ കേസില്‍ കക്ഷിചേർന്ന രക്ഷിതാക്കളുടെ കൂട്ടായ്മയ്ക്ക് പക്ഷേ ഇതുവരെ വാദം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളുകളില്‍നിന്ന് പുറത്താക്കിയെന്നും പരാതികളുണ്ട്. ചുരുക്കത്തില്‍ അനന്തമായി കോടതി നടപടികൾ നീണ്ടുപോകുന്നത് പല കുട്ടികളുടെയും ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!