മമതയുടെ വീട് വളഞ്ഞ് സിഐഡി സംഘം, അഭിഷേകിന്‍റെ വീട്ടിലുമെത്തി; വ്യാജരേഖാ കേസിൽ വ്യാപക പരിശോധന

Published : Jun 09, 2026, 08:36 PM IST
mamata banerjee

Synopsis

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ സിഐഡി സംഘം പരിശോധന നടത്തി. ഇതേ കേസിൽ മമതയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ വസതിയിലും ഒരേസമയം പരിശോധന നടന്നു. 

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) സംഘം പരിശോധന നടത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ചെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി. സെർച്ച് വാറണ്ടുമായി എത്തിയായിരുന്നു പരിശോധന. കേസിന്റെ ഭാഗമായി തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ വസതിയിലും സിഐഡി സംഘം ഒരേസമയം പരിശോധന നടത്തി.

സംസ്ഥാന അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരത്തോടെയാണ് കൊൽക്കത്തയിലെ 30ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമത ബാനർജിയുടെ വസതിയിലെത്തിയത്. ഈ വസതി തന്നെയാണ് തൃണമൂൽ കോൺഗ്രസിന്റെ കേന്ദ്ര പാർട്ടി ഓഫീസായും പ്രവർത്തിക്കുന്നത്. പ്രാദേശിക പൊലീസിന്റെയും വൻ വനിതാ പൊലീസ് സന്നാഹത്തിന്റെയും അകമ്പടിയോടെയാണ് സിഐഡി സംഘം മമതയുടെ വീട്ടിലേത്തിയത്. പാർട്ടി നേതാക്കൾ ആദ്യം തടസ്സവാദം ഉന്നയിച്ചതിനെ തുടർന്ന് ചെറിയൊരു വാക്കേറ്റമുണ്ടായെങ്കിലും ഒടുവിൽ സിഐഡി സംഘം ഉള്ളിൽ പ്രവേശിച്ച് തിരച്ചിലും രേഖകളുടെ പരിശോധനയും നടത്തി.

ഇൻഡ്യ മുന്നണിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി മമത ബാനർജിയും അഭിഷേക് ബാനർജിയും ദില്ലിയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിഐഡി അഭിഷേക് ബാനർജിക്ക് മൂന്നാമതും നോട്ടീസ് നൽകിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളും കൊൽക്കത്ത ഹൈക്കോടതിയിലെ നടപടികളും ചൂണ്ടിക്കാട്ടി അദ്ദേഹം മുൻപ് നൽകിയ സമൻസുകളിൽ നിന്ന് ഒഴിവാകാൻ സമയം ചോദിച്ചിരുന്നു. എന്നാൽ ഇത്തവണ ഏജൻസി സമയം നീട്ടിനൽകാൻ തയ്യാറാകാതെ കർശന നിർദ്ദേശം നൽകുകയായിരുന്നു.

അഭിഷേക് ബാനർജി മുൻപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ പെട്ടെന്നുള്ള പരിശോധന എന്ന് സിഐഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചത് 30ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ വെച്ചാണെന്ന് അഭിഷേക് പറഞ്ഞിരുന്നു. ആ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിനായി എത്തിയതെന്ന് സിഐഡി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.

മുതിർന്ന ടിഎംസി എംഎൽഎ ശോഭൻദേബ് ചതോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച കത്തിനെ ചൊല്ലിയാണ് ഒപ്പ് വിവാദം തുടങ്ങിയത്. എഴുപതോളം തൃണമൂൽ എംഎൽഎമാരുടെ ഒപ്പടങ്ങിയ കത്തിൽ അഭിഷേക് ബാനർജിയും ഒപ്പുവെച്ച ശേഷമാണ് സ്പീക്കർക്ക് കൈമാറിയത്. എന്നാൽ ഈ കത്തിലും അനുബന്ധ യോഗ രജിസ്റ്ററിലും ഒട്ടനവധി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്ന് പാർട്ടിയിലെ വിമത നേതാക്കളായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും ആരോപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സിഐഡിക്ക് കൈമാറിയത്.

ഈ രേഖ എങ്ങനെ തയ്യാറാക്കി, ഒപ്പുകൾ എവിടെ വെച്ചാണ് ശേഖരിച്ചത്, നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധികളിലൊന്നിലൂടെ പാർട്ടി കടന്നുപോകുന്ന ഘട്ടത്തിലാണ് സിഐഡിയുടെ ഈ നിർണായക നീക്കം എന്നത് ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ശോഭൻദേബ് ചതോപാധ്യായയെ പിന്തുണയ്ക്കാനുള്ള മമതയുടെ തീരുമാനത്തെ ഒരു വിഭാഗം എംഎൽഎമാർ എതിർത്തതോടെയാണ് ടിഎംസിയിൽ കലാപം തുടങ്ങിയത്.

80 എംഎൽഎമാരിൽ 58 പേരും നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ചതോടെ പ്രതിസന്ധി രൂക്ഷമായി. തുടർന്ന് പാർലമെന്ററി പാർട്ടിയിൽ തങ്ങൾക്കാണ് ഭൂരിപക്ഷമെന്ന് അവകാശപ്പെട്ട വിമത വിഭാഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയും സ്പീക്കറുടെ അംഗീകാരം നേടുകയും ചെയ്തു. പാർട്ടിയുടെ കാളിഘട്ടിലെ ആസ്ഥാനത്തും അഭിഷേകിന്റെ ഓഫീസിലും സിഐഡി ഒരേസമയം നടത്തിയ പരിശോധനകൾ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കിയേക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയില്‍ തെര. കമ്മീഷന്‍റെ ഓഫിസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍, കുത്തിയിരുന്ന് പ്രതിഷേധിച്ച് കെസി, ജയറാം രമേശ് അടക്കമുള്ളവരെ തടഞ്ഞു
ദില്ലിയിലെ തീ പിടുത്തം കുടുംബത്തിലെ എട്ട് പേരുടെ ജീവനെടുത്തു, ദിവസങ്ങൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന 70കാരനും മരിച്ചു