ലോക്ക്ഡൗണ്‍ ലംഘിച്ച് ഇടപാട്; 39 ലക്ഷം രൂപയുടെ സിഗരറ്റ് പിടിച്ചെടുത്തു

By Web TeamFirst Published Apr 16, 2020, 10:53 AM IST
Highlights
39 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റുകളും പിടിച്ചെടുത്തു. നഗരത്തിലെ ഏറ്റവും വലിയ സിഗരറ്റ് ഇടപാടുകാരനെതിരെയാണ് കേസെടുത്തതെന്ന് പൂനെ ഡിസിപി ബച്ചന്‍ സിംഗ് പറഞ്ഞു.
പൂനെ: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സിഗരറ്റ് വില്‍പ്പന നടത്തിയ ഹോള്‍സെയില്‍ ഇടപാടുകാരനെതിരെ കേസ്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്ത് തുടരുന്നതിനിടെ അനധികൃതമായി സിഗരറ്റ് കച്ചവടം ചെയ്തതിനാണ് ശശികാന്ത് രാമസ്വരൂപ് എന്നയാള്‍ക്കെതിരെ കേസെടുത്തത്. 39 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റുകളും പിടിച്ചെടുത്തു.

നഗരത്തിലെ ഏറ്റവും വലിയ സിഗരറ്റ് ഇടപാടുകാരനെതിരെയാണ് കേസെടുത്തതെന്ന് പൂനെ ഡിസിപി ബച്ചന്‍ സിംഗ് പറഞ്ഞു. ആവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തത് കൊണ്ടാണ് സിഗരറ്റ് വില്‍പ്പന ലോക്ക്ഡൗണ്‍ സമയത്ത് അനുവദനീയമല്ലാത്തത്. ലോക്ക്ഡൗണ്‍ മുതലെടുത്ത് ഇരട്ടി വിലയ്ക്കാണ് ഇയാള്‍ റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് സിഗരറ്റ് നല്‍കിയിരുന്നത്.

പൂനെ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌സ് സെല്‍ ശശികാന്തിന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് സിഗരറ്റിന്റെ കാര്‍ട്ടണുകള്‍ പിടിച്ചെടുക്കുകയുമായിരുന്നു. കേസെടുത്തെങ്കിലും ശശികാന്തിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

കൊവിഡ് പടരുന്ന പൂനെയിലെ പാന്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യസാധനങ്ങളുടെ വില്‍പ്പന മാത്രമേ അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കി. സിഗരറ്റും മദ്യവും ആവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത സാധനങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.
 
click me!