
ജയ്പൂർ: പതിനൊന്ന് ലക്ഷം രൂപ സ്ത്രീധനം നൽകിയ വധുവിന്റെ വീട്ടുകാരോട് തനിക്ക് പതിനൊന്ന് രൂപ മാത്രം മതിയെന്ന് പറഞ്ഞ സിഐഎസ്എഫ് ജവാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ജിതേന്ദ്ര സിംഗ് എന്ന സൈനികനാണ് 11 ലക്ഷത്തിന് പകരം 11 രൂപയും തേങ്ങയും സ്ത്രീധനമായി സ്വീകരിച്ചത്.
നവംബർ 8 ന് ജയ്പൂരിൽ വച്ചായിരുന്നു വിവാഹം. പന്തലിൽ വച്ച് പതിനൊന്ന് ലക്ഷം രൂപയാണ് വധുവിന്റെ പിതാവ് ഗോവിന്ദ് സിംഗ് നൽകിയത്. എന്നാൽ തൊഴുകൈകളോടെ ജിതേന്ദ്ര സിംഗ് അത് നിരസിക്കുകയാണുണ്ടായത്. താൻ നൽകിയ സ്ത്രീധനം നിരസിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് ഗോവിന്ദ് സിംഗ് പറയുന്നു. ''സ്ത്രീധനം വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ പരിഭ്രാന്തനായി. ഞാൻ കരുതിയത് വിവാഹത്തിന് നടത്തിയ ഒരുക്കങ്ങളിൽ വരന്റെ വീട്ടുകാർ തൃപ്തരല്ലെന്നാണ്. പിന്നീടാണ് എനിക്ക് മനസ്സിലായത് അവരെല്ലാവരും സ്ത്രീധനത്തിന് എതിരാണെന്ന്.'' ഗോവിന്ദ സിംഗ് വിശദീകരിച്ചു. നിറഞ്ഞ കണ്ണുകളോടെയാണ് ഗോവിന്ദ് സിംഗ് ഈ പ്രവൃത്തിയെ സ്വീകരിച്ചത്.
''ജുഡീഷ്യൽ സർവ്വീസിലേക്കുള്ള പരിശീലനത്തിലാണ് എന്റെ വധു. അവൾ ഒരു മജിസ്ട്രേറ്റ് ആകുകയാണെങ്കിൽ അത് എന്റെ കുടുംബത്തിന് ലഭിക്കുന്ന വലിയൊരു ഭാഗ്യമാണ്. ഇപ്പോഴത്തെ സ്ത്രീധനത്തേക്കാൾ ഇരട്ടി മൂല്യമുണ്ട് അതിന്.'' ജിതേന്ദ്രസിംഗിന്റെ വാക്കുകൾ. നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ജിതേന്ദ്രസിംഗിന്റെ വധു. ഇപ്പോൾ ഡോക്ടറേറ്റിനുള്ള പരിശീലനത്തിലാണ്. പഠനം തുടരണമെന്നാണ് ജിതേന്ദ്ര സിംഗിന്റെ വീട്ടുകാരുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam