പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; പിന്നോട്ടില്ലെന്ന് ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ

By Web TeamFirst Published Dec 14, 2019, 11:48 PM IST
Highlights

ക്യാമ്പസിൽ സമരം തുടരുമെന്ന് ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ. സമരത്തിന്റെ നേതൃത്വത്തിനായി നേതാക്കളെ തെരഞ്ഞെടുക്കും. ക്യാമ്പസ് അടയ്ക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും വിദ്യാർത്ഥികൾ.

ദില്ലി: പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ക്യാമ്പസിൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ സമരത്തിന്റെ നേതൃത്വത്തിനായി നേതാക്കളെ തെരഞ്ഞെടുക്കാനും തീരുമാനമായി. ശീതകാല അവധി നേരത്തെയാക്കി അടുത്ത മാസം അഞ്ചാം തിയതി വരെ ക്യാമ്പസ് അടയ്ക്കാനുള്ള സർവകലശാല നടപടി അംഗീകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവകലാശാല വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചിരുന്നു. സർവകലാശാലയിൽ നിന്ന് തുടങ്ങിയ മാർച്ച് ഗേറ്റിനകത്ത് വച്ച് തന്നെ പൊലീസ് തട‌ഞ്ഞതോടെ പ്രക്ഷോഭം അണപൊട്ടുകയായിരുന്നു. വെള്ളിയാഴ്ച ജാമിയ മിലിയ ഇസ്ലാമിയ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. നൂറ് കണക്കിന് വിദ്യാർത്ഥികൾ കസ്റ്റഡിയിലായി. പുതുക്കിയ തീയതികൾ പിന്നീട് മാത്രമേ അറിയിക്കൂ എന്ന് സർവകലാശാല അറിയിച്ചു. ജാമിയ ടീച്ചേഴ്സ് അസോസിയേഷനും (ജെടിഎ) വിദ്യാർത്ഥികളും ചേർന്നാണ് ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കും എതിരെ സംയുക്തപ്രക്ഷോഭം സംഘടിപ്പിച്ചത്.

സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ വസീം സെയ്ദിക്ക് മൂക്കിന് ഗുരുതര പരിക്കേറ്റു. റിപ്പോർട്ടർ ധനേഷ് രവീന്ദ്രനും പരിക്കേറ്റു. ഇതിന് പിന്നാലെയാണ് ശീതകാല അവധി നേരത്തെയാക്കികൊണ്ടുള്ള സർവകലാശാലയുടെ വാർത്താക്കുറിപ്പ് പുറത്തുവന്നത്. അവധി നേരത്തേ പ്രഖ്യാപിച്ച സ‍ർവകലാശാല ഇതിന് മുമ്പ് നടത്തേണ്ടിയിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. 

Also Read: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ജാമിയ മിലിയ അടച്ചിട്ടു, പരീക്ഷകൾ മാറ്റി

click me!