ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം ആളിക്കത്തിയ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു. ശീതകാല അവധി നേരത്തേ പ്രഖ്യാപിച്ച സ‍ർവകലാശാല ഇതിന് മുമ്പ് നടത്തേണ്ടിയിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് മാത്രമേ അറിയിക്കൂ എന്ന് സർവകലാശാല അറിയിച്ചു.

''ഡിസംബർ 16 മുതൽ ജനുവരി 5 വരെയാകും ശീതകാല അവധി. ജനുവരി ആറാംതീയതി മാത്രമേ സർവകലാശാല തുറക്കൂ. എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്'', സർവകലാശാല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർവകലാശാലയിൽ നിന്ന് തുടങ്ങിയ മാർച്ച് ഗേറ്റിനകത്ത് വച്ച് തന്നെ പൊലീസ് തട‌ഞ്ഞതോടെ പ്രക്ഷോഭം അണപൊട്ടിയിരുന്നു. വെള്ളിയാഴ്ച ജാമിയ മിലിയ ഇസ്ലാമിയ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. നൂറ് കണക്കിന് വിദ്യാർത്ഥികൾ കസ്റ്റഡിയിലായി. 

ജാമിയ ടീച്ചേഴ്സ് അസോസിയേഷനും (ജെടിഎ) വിദ്യാർത്ഥികളും ചേർന്നാണ് ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കും എതിരെ സംയുക്തപ്രക്ഷോഭം സംഘടിപ്പിച്ചത്. ജാമിയ സ്റ്റേഡിയത്തിന് അടുത്ത് സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് മറികടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങി. പിന്നാലെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു. ഇതിന് പിന്നാലെ കണ്ണീർ വാതകഷെല്ലുകളും തുടർച്ചയായി പൊലീസ് പ്രയോഗിച്ചു. പൊലീസ് ഗേറ്റിനടുത്തുള്ള ബാരിക്കേഡിനപ്പുറത്ത് നിന്നാണ് കണ്ണീർ വാതക ഷെല്ലുകളെറിഞ്ഞത്.

സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ വസീം സെയ്ദിക്ക് മൂക്കിന് ഗുരുതര പരിക്കേറ്റു. റിപ്പോർട്ടർ ധനേഷ് രവീന്ദ്രനും പരിക്കേറ്റു. 

ഇതിന് പിന്നാലെ, പട്ടേൽ ചൗക്കും ജൻപഥും അടക്കമുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും പൊലീസ് അടച്ചു. ഏറെ നേരം ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.