Latest Videos

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം തമിഴ്നാട്ടിലും ആളുന്നു; വിദ്യാർത്ഥികളുൾപ്പെടെ നിരവധിപേർ അറസ്റ്റിൽ

By Web TeamFirst Published Dec 19, 2019, 1:27 PM IST
Highlights

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തമിഴകത്ത് ചെന്നൈയ്ക്ക് പുറത്തുള്ള കോളേജുകളിലേക്കും വ്യാപിക്കുകയാണ്.  ബില്ലിനെ പിന്തുണച്ച അണ്ണാഡിഎംകെ നിലപാടിൽ പ്രതിഷേധിച്ച വിവിധ സംഘടനകൾ തമിഴ്നാട് മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും വസതികളിലേക്ക് മാർച്ച് നടത്തി.

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ സംഘർഷം. മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെ പ്രതിഷേധം ഉയർത്തിയ നിരവധി കോളേജുകളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന് മുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചു. വൈകിട്ട് ചെന്നൈയിൽ വിദ്യാർത്ഥികൾ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തമിഴകത്ത് ചെന്നൈയ്ക്ക് പുറത്തുള്ള കോളേജുകളിലേക്കും വ്യാപിക്കുകയാണ്. കടലൂർ കന്ദസ്വാമി വനിതാ കോളേജിലും, പെരിയാർ ആർട്സ് കോളേജിലും പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ണാമലൈ സർവകലാശലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. കോയമ്പത്തൂർ ഭാരതീയർ സർവകലാശാലയിലും പ്രതിഷേധം തുടരുകയാണ്. 

ബില്ലിനെ പിന്തുണച്ച അണ്ണാഡിഎംകെ നിലപാടിൽ പ്രതിഷേധിച്ച വിവിധ മുസ്സീം സംഘടനകൾ തമിഴ്നാട് മുഖ്യമന്ത്രിയുടേയും  ഉപമുഖ്യമന്ത്രിയുടേയും വസതികളിലേക്ക് മാർച്ച് നടത്തി. തിരുച്ചിറപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. എംജിആർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ വിവിധ മുസ്ലീം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചെന്നൈയിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു. സമരം അടിച്ചമർത്താനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. ചെന്നൈയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് മാറ്റാനാണ് പൊലീസിന് സർക്കാർ നിർദ്ദേശം.

click me!